ബിസിസിഐക്ക് മുന്നില്‍ സുപ്രധാന ആവശ്യവുമായി അജിത് അഗാർക്കർ

 

ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ സ്ഥാനത്ത് 2027-ലെ ഏകദിന ലോകകപ്പ് വരെ തുടരാൻ താൽപര്യം പ്രകടിപ്പിച്ച് അജിത് അഗാർക്കർ. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെയാണ് അഗാർക്കർ തന്‍റെ കരാർ നീട്ടണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടത്. നിലവിൽ 2026 ജൂൺ വരെയാണ് ചീഫ് സെലക്ടര്‍ സ്ഥാനത്ത് അഗാര്‍ക്കറുടെ കാലാവധി. 2023-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടറായി ചുമതലയേറ്റ അഗാർക്കറിന് കീഴിൽ ഇന്ത്യ തുടർച്ചയായ രണ്ട് ടി20 ലോകകപ്പ് കിരീടങ്ങളും(2024, 2026) ഐസിസി ചാമ്പ്യൻസ് ട്രോഫി (2025) കിരീടവും നേടിയിരുന്നു. ഇതിന് പുറമെ 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യ ഏഷ്യാ കപ്പില്‍ രണ്ട് തവണ (2023, 2025) ചാമ്പ്യൻമാരായി.

2024ലെ ടി20 ലോകകപ്പ് വിജയത്തിനുശേഷം രോഹിത് ശര്‍മ വിരമിച്ചതോടെ വൈസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ മറികടന്ന് സൂര്യകുമാർ യാദവിനെ ടി20 ക്യാപ്റ്റനായി നിയമിച്ചത് അഗാർക്കറെടുത്ത ധീരമായ തീരുമാനമായിരുന്നു. രോഹിത് ശർമ്മ, വിരാട് കോലി, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ മുതിർന്ന താരങ്ങളുടെ വിരമിക്കലിന് ശേഷം ടീമിനെ പുതിയൊരു യുഗത്തിലേക്ക് നയിക്കുന്നതിലും അഗാർക്കർ നിർണ്ണായക പങ്കുവഹിച്ചു. 2026ലെ ടി20 ലോകകപ്പിന് മുമ്പ് അക്സര്‍ പട്ടേലിന് പകരം ശുഭ്മാന്‍ ഗില്ലിനെ ടി20 വൈസ് ക്യാപ്റ്റനാക്കിയ തീരുമാനം തിരിച്ചടിച്ചെങ്കിലും ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഗില്ലിനെ പുറത്തിരുത്താനും രണ്ട് വര്‍ഷമായി ടീമിലില്ലാതിരുന്ന ഇഷാൻ കിഷനെ ഉൾപ്പെടുത്താനും അഗാര്‍ക്കര്‍ എടുത്ത തീരുമാനം ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായകമായിരുന്നു.