റഫറിക്കെതിരെ ഫിഫയ്ക്ക് പരാതി നല്‍കി അല്‍ജീരിയ
2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനയോട് 3-0 ന് പരാജയപ്പെട്ട മത്സരത്തിലെ റഫറിയിങ്ങിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി അല്‍ജീരിയ ഔദ്യോഗികമായി ഫിഫയെ സമീപിച്ചു. ആദ്യ പകുതിയില്‍ ലയണല്‍ മെസിക്ക് ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നുവെന്നും, മറ്റ് നിരവധി വിവാദ സംഭവങ്ങളില്‍ റഫറി നടപടിയെടുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിക്കുന്നു. കന്‍സാസ് സിറ്റിയില്‍ നടന്ന മത്സരത്തില്‍ മെസിയുടെ ഹാട്രിക് മികവിലാണ് നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. എന്നാല്‍ മത്സരത്തിന് ശേഷം, അര്‍ജന്റീന ക്യാപ്റ്റനും അല്‍ജീരിയന്‍ ക്യാപ്റ്റന്‍ ഐസ മാന്‍ഡിയും ഉള്‍പ്പെട്ട ഒരു ഫൗളിനെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച നടന്നത്.
പോളിഷ് റഫറി സൈമണ്‍ മാര്‍സിനിയാക്കിന്റെ നേതൃത്വത്തിലുള്ള റഫറിയിങ് പാനലിനെതിരെ ആശങ്കകള്‍ ഉന്നയിച്ച് അല്‍ജീരിയ ഫിഫയുടെ റഫറിയിങ് കമ്മീഷന് കത്തെഴുതിയതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 'മെസ്സിയുടെ ഫൗളാണ് പരാതിയിലെ പ്രധാന വിഷയം, അതിന് തീര്‍ച്ചയായും ഒരു ചുവപ്പ് കാര്‍ഡ് നല്‍കേണ്ടതായിരുന്നു.' അല്‍ജീരിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ വൃത്തങ്ങള്‍ എഎഫ്പിയോട് പറഞ്ഞു. 'അര്‍ജന്റീന മികച്ച ടീമല്ല എന്ന് ഞങ്ങള്‍ പറയുന്നില്ല, എന്നാല്‍ ചില സംഭവങ്ങള്‍ അന്യായമായി കൈകാര്യം ചെയ്യപ്പെട്ടുവെന്ന് തോന്നുമ്പോള്‍ ഞങ്ങള്‍ക്ക് മിണ്ടാതിരിക്കാനാവില്ല. കര്‍ശന നടപടി അര്‍ഹിക്കുന്ന മൂന്ന് സാഹചര്യങ്ങള്‍ ഉണ്ടായിരുന്നു, അതിലൊന്നില്‍ പോലും വിഎആര്‍ ഇടപെട്ടില്ല.' പരാതിയില്‍ വ്യക്തമാക്കി..
മെസ്സിയുടെ ഫൗള്‍ മാത്രമല്ല അല്‍ജീരിയ ചൂണ്ടിക്കാണിക്കുന്നത്. രണ്ടാം പകുതിയില്‍ പന്തിനായുള്ള ശ്രമത്തിനിടെ അര്‍ജന്റീന താരം അലക്‌സിസ് മാക് അലിസ്റ്റര്‍, ഇബ്രാഹിം മാസ്സയെ കൈമുട്ട് ഉപയോഗിച്ച് ഇടിച്ച സംഭവവും ഫെഡറേഷന്‍ എടുത്തുകാണിച്ചു.