ചരിത്രം കുറിച്ച് അനാഹത് സിങ്; ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം
ലോക ജൂനിയർ സ്‌ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രവിജയവുമായി ഇന്ത്യയുടെ അനാഹത് സിങ്. കാനഡയിൽ നടന്ന ടൂർണമെന്റിന്റെ വനിതാ സിംഗിൾസ് ഫൈനലിൽ ഈജിപ്തിന്റെ രണ്ടാം സീഡ് റുഖയ്യ സലേമിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തകർത്താണ് 18-കാരിയായ അനാഹത് കിരീടം ചൂടിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് അനാഹത്.
ആദ്യ ഗെയിം 11-3ന് ആധികാരികമായി സ്വന്തമാക്കിയ താരം, തുടർന്നുള്ള ഗെയിമുകൾ 11-7, 11-9 എന്നീ സ്കോറുകൾക്ക് പിടിച്ചെടുത്താണ് കിരീടമണിഞ്ഞത്. ക്വാർട്ടറിൽ ഹബീബ റിസ്‌കിനെയും സെമിയിൽ ബർബ് സമേഹിനെയും തോൽപ്പിച്ചായിരുന്നു ഡൽഹിക്കാരിയായ അനാഹതിന്റെ ഫൈനൽ പ്രവേശം.
2010-ന് ശേഷം ഈജിപ്തുകാരിയല്ലാത്ത ഒരു താരം വനിതാ ലോക ജൂനിയർ കിരീടം നേടുന്നത് ആദ്യമായാണ്. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യത്തിനാണ് അനാഹത് വിരാമമിട്ടത്. 2005-ൽ ഫൈനലിലെത്തിയ ജോഷ്‌ന ചിന്നപ്പയുടെ പ്രകടനമായിരുന്നു ഇതിനുമുമ്പ് ഈ ടൂർണമെന്റിൽ ഇന്ത്യക്കാരുടെ മികച്ച നേട്ടം.