ആഷസ്: അഞ്ചാം ടെസ്റ്റിനും കമ്മിൻസില്ല, ഖവാജ തുടരും; ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

 

ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള 15 അംഗ ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെത്തുടർന്ന് നായകൻ പാറ്റ് കമ്മിൻസിന് അവസാന മത്സരത്തിലും കളിക്കാനാവില്ല. സ്റ്റീവ് സ്മിത്ത് തന്നെയാകും ടീമിനെ നയിക്കുക. അതേസമയം, ഫോം ഔട്ടും പരിക്കും കാരണം ടീമിലെ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്ന വെറ്ററൻ ഓപ്പണർ ഉസ്മാൻ ഖവാജ ടീമിൽ ഇടംപിടിച്ചു.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നിലവിൽ ഓസ്‌ട്രേലിയ 3-1 എന്ന നിലയിൽ മുന്നിലാണ്. നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയം നേടിയെങ്കിലും ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസീസ് നേരത്തെ തന്നെ പരമ്പര ഉറപ്പാക്കിയിരുന്നു. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനാലും വരാനിരിക്കുന്ന ടി20 ലോകകപ്പും വർക്ക് ലോഡും കണക്കിലെടുത്തുമാണ് കമ്മിൻസിന് വിശ്രമം നീട്ടാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചത്.

പരമ്പരയിൽ ഇതുവരെ കളിച്ച അഞ്ച് ഇന്നിങ്‌സുകളിൽ നിന്നായി 153 റൺസ് മാത്രമാണ് ഖവാജയ്ക്ക് നേടാനായത്. താരത്തിന്റെ പ്രായവും ഫോമും കണക്കിലെടുത്ത് മാറ്റമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും സെലക്ടർമാർ ഖവാജയിൽ വിശ്വാസമർപ്പിക്കുകയായിരുന്നു. എങ്കിലും അഞ്ചാം ടെസ്റ്റിന്റെ പ്ലെയിങ് ഇലവനിൽ താരം ഉൾപ്പെടുമോ എന്ന് ഉറപ്പായിട്ടില്ല.

ഓസ്‌ട്രേലിയൻ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), സ്കോട്ട് ബോളണ്ട്, അലക്സ് കാരി, ബ്രണ്ടൻ ഡോഗറ്റ്, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാൻ ഖവാജ, മർനസ് ലാബുഷെയ്ൻ, ടോഡ് മർഫി, മിച്ചൽ നെസർ, ജെയ് റിച്ചാഡ്‌സൺ, മിച്ചൽ സ്റ്റാർക്ക്, ജാക്ക് വെതറാൾഡ്, ബ്യു വെബ്സ്റ്റർ.