ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ: ഇന്ത്യക്ക് വെങ്കലം; 40 വർഷത്തിന് ശേഷം അപൂർവ്വ നേട്ടം

 

ഏഷ്യൻ ഗെയിംസ് പുരുഷ ടീം ബാഡ്മിന്റണിൽ ഇന്ത്യക്ക് വെങ്കല മെഡൽ. സെമി ഫൈനലിൽ ശക്തരായ ചൈനയോട് 3-1ന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ സംഘം വെങ്കലത്തിൽ ഒതുങ്ങിയത്. കഴിഞ്ഞ ഹാങ്ഷൂ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. ഇതോടെ 40 വർഷത്തിനുശേഷം തുടർച്ചയായി രണ്ട് ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന രാജ്യമായി ഇന്ത്യ മാറി. ഇതിന് മുമ്പ് 1982-ലും 1986-ലുമാണ് ഇന്ത്യ ബാഡ്മിന്റൺ ടീം ഇനത്തിൽ തുടർച്ചയായി മെഡലുകൾ (വെങ്കലം) കരസ്ഥമാക്കിയത്.

സെമി ഫൈനലിൽ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി ഡബിൾസ് സഖ്യത്തിന് മാത്രമാണ് ഇന്ത്യക്കായി വിജയിക്കാനായത്. പാരിസ് ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ ചൈനയുടെ ലിയാങ് വെയ് കെങ് - വാങ് ചാങ് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-11, 22-20) സാത്വിക്-ചിരാഗ് സഖ്യം പരാജയപ്പെടുത്തിയത്.