ഏഷ്യൻ ഗെയിംസ്; താമസ സൗകര്യങ്ങൾ പോരെന്ന് ബിസിസിഐ, ആശങ്കകൾ പരിഹരിച്ചതായി സംഘാടകർ

 

 

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിലെ കായികതാരങ്ങളുടെയും ഒഫീഷ്യലുകളുടെയും താമസസൗകര്യവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകൾ പരിഹരിച്ചതായി സംഘാടകർ. ഗെയിംസിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്ത പതിനേഴായിരത്തിലധികം പേർക്കുള്ള താമസസൗകര്യം ഇതിനകം തന്നെ ക്രമീകരിച്ചിട്ടുണ്ടെന്ന് ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് സംഘാടകരും ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയും അറിയിച്ചു. കായികതാരങ്ങളുടെ എണ്ണം പ്രതീക്ഷിച്ചതിലും ഗണ്യമായി ഉയർന്നതിനെത്തുടർന്ന് ഉയർന്നുവന്ന പ്രതിസന്ധികൾ മറികടക്കാനുള്ള ശ്രമത്തിലാണെന്ന് സംഘാടകർ നേരത്തെ സമ്മതിച്ചിരുന്നു.താമസസൗകര്യങ്ങളിലെ പോരായ്മകളിൽ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചതായി ദിവസങ്ങൾക്ക് മുൻപ് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. സൗകര്യങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ ഏഷ്യൻ ഗെയിംസിലേക്ക് തങ്ങളുടെ 'ബി' ടീമിനെ അയക്കുന്ന കാര്യം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.

നഗരത്തിൽ താമസിച്ച് ബുള്ളറ്റ് ട്രെയിനിൽ മത്സരസ്ഥലത്തേക്ക് യാത്ര ചെയ്യുക, കപ്പലിൽ താമസിക്കുക, അല്ലെങ്കിൽ പ്രത്യേക കൂടാരങ്ങളിൽ കഴിയുക എന്നീ മൂന്ന് ഓപ്ഷനുകളാണ് താരങ്ങൾക്ക് നൽകിയിരുന്നതെന്നും, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, ശ്രീലങ്ക തുടങ്ങിയ പ്രമുഖ ടീമുകൾ ഇക്കാര്യത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ, താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട് വന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ജൂലായിൽ 'എൻട്രി ബൈ നെയിം' അവസാനിക്കുന്നതിന് മുൻപ് രജിസ്റ്റർ ചെയ്ത 17,000-ത്തിലധികം വരുന്ന എല്ലാ കായികതാരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഗെയിംസിന് അനുയോജ്യമായ താമസസൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അസാധാരണമായ സാഹചര്യങ്ങളിലൊഴികെ ഇനി കൂടുതൽ രജിസ്‌ട്രേഷനുകൾ അനുവദിക്കില്ലെന്നും ഗെയിംസിന്റെ അന്തിമ ഒരുക്കങ്ങൾ സുഗമമായി പുരോഗമിക്കുകയാണെന്നും സംഘാടകർ കൂട്ടിച്ചേർത്തു.