ഏഷ്യൻ ഗെയിംസ് റോവിങ്: ഡബിൾ സ്‌കൾസിൽ സത്‌നാം സിങ്-സൽമാൻ ഖാൻ സഖ്യത്തിന് വെങ്കല തിളക്കം

 

ഏഷ്യൻ ഗെയിംസ് തുഴച്ചിൽ മത്സരത്തിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ. പുരുഷന്മാരുടെ ഡബിൾ സ്‌കൾസിലാണ് സത്‌നാം സിങ് - സൽമാൻ ഖാൻ സഖ്യം രാജ്യത്തിനായി മെഡൽ കരസ്ഥമാക്കിയത്. നഗരഗാവ ഇന്റർനാഷണൽ റെഗാട്ട കോഴ്‌സിൽ നടന്ന പോരാട്ടത്തിൽ 6:13.25 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ ജോഡി മൂന്നാമതെത്തിയത്. ഈ വിഭാഗത്തിൽ ചൈനയുടെ സൂഡി യി - യിഡെ നീ സഖ്യം (6:09.77 സെക്കൻഡ്) സ്വർണ്ണവും, ഉസ്‌ബെക്കിസ്ഥാന്റെ പാവൽ സോറിൻ - മെഖ്റോജ്‌ബെക് മമത്കുലോവ് സഖ്യം (6:10.49 സെക്കൻഡ്) വെള്ളിയും നേടി.

1000 മീറ്റർ പിന്നിടുമ്പോൾ ചൈനയ്ക്കും ഉസ്‌ബെക്കിസ്ഥാനും പിന്നിൽ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യൻ സഖ്യം. അവസാന 500 മീറ്ററിലേക്ക് കടക്കുമ്പോൾ ശക്തമായി മുന്നേറി ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് എത്തിയെങ്കിലും, അവസാന നിമിഷം എതിരാളികൾ തിരിച്ചടിച്ച് വിജയം പിടിച്ചെടുത്തതോടെ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് മാറുകയായിരുന്നു. സത്‌നാം സിംഗിന്റെ കരിയറിലെ രണ്ടാമത്തെ പ്രധാന ഏഷ്യൻ മെഡൽ നേട്ടമാണിത്. 2023-ലെ ഹാംഗ്ചൗ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ക്വാഡ്രപ്പിൾ സ്‌കൾസ് ടീമിലും അദ്ദേഹം ഉണ്ടായിരുന്നു. അന്ന് ശാരീരിക അസ്വസ്ഥതകൾ തടസ്സമായെങ്കിലും പോരാടി മെഡൽ നേടാൻ സത്‌നാമിന് സാധിച്ചിരുന്നു.

ഉത്തർപ്രദേശിലെ അമേഠി സ്വദേശിയായ സൽമാൻ ഖാൻ, കേന്ദ്ര സർക്കാരിന്റെ ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്‌കീമിൽ ഉൾപ്പെട്ട താരമാണ്. ഏഷ്യൻ റോവിങ് കപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ അദ്ദേഹത്തിന് ഇന്ത്യൻ ആർമിയിൽ നായിബ് സുബേദാറായി പ്രൊമോഷൻ ലഭിച്ചിരുന്നു.