രണ്ടാം ഏകദിനത്തിലും തോല്‍വി, ഓസീസിന്റെ ജയം രണ്ട് വിക്കറ്റിന്
ഇന്ത്യക്കെതിരെ ഏകദിന പരമ്പര ഓസ്‌ട്രേലിയക്ക്. അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റിന് ജയിച്ചതോടെയാണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 46.2 ഓവറില്‍ ലക്ഷ്യം മറികടന്നു. മാത്യു ഷോര്‍ട്ട് (74), കൂപ്പര്‍ കൊനോലി (53 പന്തില്‍ പുറത്താവാതെ 61) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. പരമ്പരയില്‍ ഇനി ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ രോഹിത് ശര്‍മ (73), ശ്രേയസ് അയ്യര്‍ (61), അക്‌സര്‍ പട്ടേല്‍ (44) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഓസ്‌ട്രേലിയക്ക് വേണ്ടി ആഡം സാമ്പ നാല് വിക്കറ്റ് വീഴ്ത്തി. സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
അത്ര നല്ലതായിരുന്നില്ല ഓസ്‌ട്രേലിയയുടെ തുടക്കം. ഓസീസ് ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ 54 റണ്‍സിനിടെ ഓസീസിന് നഷ്ടമായി. മിച്ചല്‍ മാര്‍ഷാണ് (11) ആദ്യം മടങ്ങിയത്. അര്‍ഷ്ദീപ് സിംഗിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച്. പിന്നാലെ ട്രോവിസ് ഹെഡും (28) മടങ്ങി. ഹര്‍ഷിത് റാണയുടെ പന്തില്‍ വിരാട് കോലിക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങുന്നത്. തുടര്‍ന്ന് ഷോര്‍ട്ട് - മാറ്റ് റെന്‍ഷോ സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഓസീസിന് തുണയായത്.
എന്നാല്‍ റെന്‍ഷോയെ ബൗള്‍ഡാക്കി അക്‌സര്‍ പട്ടേല്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ അലക്‌സ് ക്യാരിയെ (9) വാഷിംഗ്ടണ്‍ സുന്ദറും ബൗള്‍ഡാക്കി. ഇതോടെ നാലിന് 132 എന്ന നിലയിലായി ഓസീസ്. പിന്നീട് കൊനോലി - ഷോര്‍ട്ട് സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷോര്‍ട്ടിനെ മടക്കി റാണ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് മിച്ചല്‍ ഓവന്‍ ക്രീസിലേക്ക്. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ താരം കൊനോലിക്കൊപ്പം 9 റണ്‍സ് കൂട്ടിചേര്‍ത്തു. 23 പന്തില്‍ 36 റണ്‍സെടുത്ത ഓവനെ പുറത്താക്കാന്‍ സാധിച്ചെങ്കിലും കാര്യമുണ്ടായില്ല. വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് (3), മിച്ചല്‍ സ്റ്റാര്‍ക്ക് (4) എന്നിവര്‍ പെട്ടന്ന് മടങ്ങിയെങ്കിലും കൊനോലി ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.