ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

 

തകർപ്പൻ ബാറ്റിംഗും വിപ്ലവകരമായ ഷോട്ടുകളും കൊണ്ട് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ച ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 'ദി ഫൈനൽ വേർഡ്' എന്ന പോഡ്കാസ്റ്റിലൂടെയാണ് 'ദി ബിഗ് ഷോ' എന്നറിയപ്പെടുന്ന താരം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ വിക്ടോറിയുമായുള്ള ബന്ധവും താരം അവസാനിപ്പിച്ചിട്ടുണ്ട്.

ഫ്രാഞ്ചൈസി ടി20 ലീഗുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ഫിറ്റ്‌നസ് നിലനിർത്തുന്നതിനുമായാണ് ഈ തീരുമാനമെന്ന് 38-കാരനായ മാക്സ്‌വെൽ വ്യക്തമാക്കി. ഓസീസിനായി 149 ഏകദിനങ്ങളും 130 ടി20 മത്സരങ്ങളും 7 ടെസ്റ്റുകളും അദ്ദേഹം കളിച്ചിട്ടുണ്ട്. 2015, 2023 ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമുകളിലും 2021-ലെ ടി20 ലോകകപ്പ് നേടിയ ടീമിലും മാക്സ്‌വെൽ അംഗമായിരുന്നു. ടി20 ക്രിക്കറ്റിൽ 5 സെഞ്ച്വറികൾ നേടിയിട്ടുള്ള താരം, രോഹിത് ശർമ്മയ്‌ക്കൊപ്പം ഈ നേട്ടത്തിലെത്തിയ അപൂർവ്വ താരങ്ങളിൽ ഒരാളാണ്.

2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ തകർന്നുതരിപ്പണമായ ഓസ്ട്രേലിയയെ ഒറ്റയ്ക്ക് വിജയതീരത്തെത്തിച്ച മാക്സ്‌വെലിന്റെ 201* (128 പന്തിൽ) റൺസ് പ്രകടനം ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര കരിയറിൽ വൈറ്റ് ബോൾ ക്രിക്കറ്റിലായി മൊത്തം 128 വിക്കറ്റുകളും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരു വിടവാങ്ങൽ മത്സരം കളിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും, യുവതാരങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള സെലക്ടർമാരുടെ തീരുമാനത്തെ പൂർണ്ണമായി മാനിക്കുന്നുവെന്നും മാക്സ്‌വെൽ കൂട്ടിച്ചേർത്തു.