ലോകകപ്പിൽ ജയിച്ചുതുടങ്ങി ഓസ്ട്രിയ; ജോർദാനെ പരാജയപ്പെടുത്തിയത് 3-1ന്

 

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജോർദാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഓസ്ട്രിയ വിജയത്തോടെ തുടങ്ങി. ഓസ്ട്രിയക്കായി റോമൻ ഷ്മിഡ്, മാർകോ അർനാട്ടൊവിച്ച് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ജോർദാൻ താരം യാസർ അൽ അറബിന്റെ സെൽഫ് ഗോളും ഓസ്ട്രിയയുടെ വിജയമുറപ്പിച്ചു. അലി ഒവാനാണ് ജോർദാന്റെ ആശ്വാസ ഗോൾ നേടിയത്.

കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്‌കോ ബേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 21-ാം മിനിറ്റിൽ തന്നെ റോമൻ ഷ്മിഡിലൂടെ ഓസ്ട്രിയ മുന്നിലെത്തി. സേവർ സ്‌ലാഗർ നൽകിയ പാസാണ് ഷ്മിഡ് വലയിലെത്തിച്ചത്. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ (50-ാം മിനിറ്റ്) അലി ഒവാനിലൂടെ ജോർദാൻ ശക്തമായി തിരിച്ചടിച്ചു.

തുടർന്ന് ഇരു ടീമുകളും ഗോളിനായി ശ്രമിക്കുന്നതിനിടെ 76-ാം മിനിറ്റിൽ യാസർ അൽ അറബിന്റെ പിഴവിൽ പന്ത് സ്വന്തം വലയിലെത്തിയതോടെ ഓസ്ട്രിയ വീണ്ടും ലീഡ് നേടി (2-1). ഒടുവിൽ മത്സരത്തിന്റെ അധിക സമയത്ത് ലഭിച്ച പെനാൽറ്റി മാർകോ അർനാട്ടൊവിച്ച് ലക്ഷ്യത്തിലെത്തിച്ചതോടെ ഓസ്ട്രിയ 3-1ന്റെ തകർപ്പൻ ജയം സ്വന്തമാക്കുകയായിരുന്നു. ഗ്രൂപ്പിൽ അർജന്റീനയ്ക്കും ഓസ്ട്രിയയ്ക്കും മൂന്ന് പോയിന്റ് വീതമുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ അർജന്റീനയാണ് നിലവിൽ മുന്നിൽ. അടുത്ത മത്സരങ്ങളിൽ ഓസ്ട്രിയ അൾജീരിയയെയും ജോർദാൻ അർജന്റീനയെയും നേരിടും.