ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: സിന്ധുവും ആയുഷും പ്രീ ക്വാർട്ടറിൽ; ലക്ഷ്യാ സെൻ പുറത്ത്

 

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ പി.വി സിന്ധുവും പുരുഷ സിംഗിൾസിൽ ആയുഷ് ഷെട്ടിയും പുരുഷ ഡബിൾസിൽ സാത്വിക് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും പ്രീ ക്വാർട്ടറിലെത്തി. എന്നാൽ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ ലക്ഷ്യാ സെൻ പുറത്തായി.

ശ്രീലങ്കയുടെ അഭയ്‌വിക്രമെയ്‌ക്കെതിരെ നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-8, 21-10) ആയുഷ് ഷെട്ടി വിജയിച്ചത്. അതേസമയം അമേരിക്കയുടെ ഗാരെറ്റ് ടാനിനോട് പോരാടിയാണ് ലക്ഷ്യാ സെൻ പരാജയപ്പെട്ടത്. ആദ്യ ഗെയിം (21-19) ലക്ഷ്യ നേടിയെങ്കിലും തുടർന്നുള്ള രണ്ടു ഗെയിമുകളും നേടി അമേരിക്കൻ താരം തിരിച്ചടിക്കുകയായിരുന്നു.

വനിതാ സിംഗിൾസിൽ കാനഡയുടെ വെൻ യു സാങ്ങിനെ തോൽപ്പിച്ചാണ് സിന്ധു മുന്നേറിയത് (സ്കോർ: 21-16, 21-17). പുരുഷ ഡബിൾസിൽ എതിരാളികളായ സ്കോട്ട്‌ലൻഡ് ജോഡി പരിക്കേറ്റ് പിന്മാറിയതോടെ സാത്വിക്-ചിരാഗ് സഖ്യം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. വനിതാ ഡബിൾസിൽ ട്രീസാ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യവും നേരത്തെ പ്രീ ക്വാർട്ടറിൽ എത്തിയിരുന്നു.