ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പിരിച്ചുവിട്ടു, 11 അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു
ബംഗ്ലാദേശ് ക്രിക്കറ്റിൽ വൻ അഴിച്ചുപണി. അഴിമതി ആരോപണങ്ങളെത്തുടർന്ന് അമിനുൾ ഇസ്‌ലാം അധ്യക്ഷനായ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ (BCB) ദേശീയ സ്പോർട്സ് കൗൺസിൽ പിരിച്ചുവിട്ടു. പകരം മുൻ താരം തമീം ഇഖ്ബാലിന്റെ നേതൃത്വത്തിൽ 11 അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വർഷം നടന്ന ബോർഡ് തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളും ടി20 ലോകകപ്പ് ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുമാണ് ബോർഡിന്റെ പതനത്തിന് കാരണമായത്.
തിരഞ്ഞെടുപ്പിൽ അധികാരദുർവിനിയോഗം നടന്നതായുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി. വരും ദിവസങ്ങളിൽ ഐസിസിയുടെ (ICC) മേൽനോട്ടത്തിൽ പുതിയ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ബോർഡ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ അഡ്ഹോക്ക് കമ്മിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ ഇടപെടലുകളും ഇഷ്ടക്കാരെ തിരുകിക്കയറ്റലും ബോർഡിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങൾ അമിനുൾ ഇസ്‌ലാം നിഷേധിച്ചെങ്കിലും നാല് ഡയറക്ടർമാർ നേരത്തെ തന്നെ രാജിവെച്ചിരുന്നു. തമീം ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള പുതിയ സമിതിക്ക് കീഴിൽ ബംഗ്ലാദേശ് ക്രിക്കറ്റ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ബോർഡ് പുനഃസംഘടനയെക്കുറിച്ചുള്ള വിവരങ്ങൾ ഐസിസിയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.