ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന് മുൻപ് ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടി; ഫെറാൻ ടോറസിന് പരിക്ക്
യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്ലാവിയ പ്രാഗിനെതിരായ നിർണ്ണായക മത്സരത്തിന് മുന്നോടിയായി എഫ്‌സി ബാഴ്‌സലോണയ്ക്ക് വൻ തിരിച്ചടി. ടീമിലെ പ്രധാന മുന്നേറ്റ താരം ഫെറാൻ ടോറസിനാണ് പരിക്കേറ്റത്. റയൽ സൊസൈറ്റാഡിനെതിരായ ലാ ലിഗ മത്സരത്തിനിടെ ഹാംസ്ട്രിംഗിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ടീമിൽ നിന്ന് ഒഴിവാക്കി.
ഇതോടെ ബുധനാഴ്ച ചെക്ക് റിപ്പബ്ലിക്കിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ടോറസ് കളിക്കില്ലെന്ന് ഉറപ്പായി. സസ്പെൻഷൻ നേരിടുന്ന യുവതാരം ലമിൻ യമാൽ കൂടി ടീമിലില്ലാത്തത് പരിശീലകൻ ഹൻസി ഫ്ലിക്കിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
ഈ സീസണിൽ 27 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടി മികച്ച ഫോമിലായിരുന്നു ടോറസ്. നേരത്തെ ഒക്ടോബറിലും സമാനമായ രീതിയിൽ പരിക്കേറ്റ് അദ്ദേഹം പുറത്തിരുന്നിരുന്നു. അതിനാൽ ഇത്തവണ കൂടുതൽ പരിശോധനകൾക്ക് ശേഷമേ താരം വീണ്ടും കളത്തിലിറങ്ങൂ. ഞായറാഴ്ച റയൽ ഒവീഡോയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിലും അദ്ദേഹം കളിക്കുന്ന കാര്യം സംശയത്തിലാണ്.