വിജയക്കുതിപ്പ് തുടർന്ന് ബാഴ്‌സലോണ; ഗെറ്റാഫെയെ എതിരില്ലാത്ത 3 ഗോളിന് തകർത്തു
സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ മുന്നേറ്റം തുടരുന്നു. ഗെറ്റാഫെയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ ത തകർത്തത്. ഇംഗ്ലീഷ് താരം ആന്റണി ഗോർഡൻ ബാഴ്‌സലോണയ്ക്കായി തന്റെ കന്നി ഗോൾ കുറിച്ച മത്സരത്തിൽ, ഗബ്രിയേൽ ജെസ്യൂസ്, യൂൾസ് കുൺഡെ എന്നിവരും ബാഴ്‌സയ്ക്കായി വലകുലുക്കി. ജയത്തോടെ എട്ടു മത്സരങ്ങളിൽ എട്ടും ജയിച്ച ബാഴ്‌സലോണ 24 പോയിന്റോടെ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ആന്റണി ഗോർഡനിലൂടെ ബാഴ്‌സ മുന്നിലെത്തി. 30-ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസും 73-ാം മിനിറ്റിൽ ലമിൻ യമാലിന്റെ പാസിൽ നിന്ന് യൂൾസ് കുൺഡെയും ലീഡ് ഉയർത്തി. ഈ മത്സരത്തോടെ ബാഴ്സലോണയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ (194) കളിച്ച ഫ്രഞ്ച് താരമെന്ന റെക്കോഡ് എറിക് അബിദാലിനെ മറികടന്ന് കുൺഡെ സ്വന്തമാക്കി. റഫീഞ്ഞ്യയുടെ അഭാവത്തിലാണ് ഹാൻസി ഫ്ലിക്കിന്റെ സംഘം വിജയം കൊയ്തത്. മറ്റൊരു മത്സരത്തിൽ റയൽ മാഡ്രിഡ് വിയ്യാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.