ചാമ്പ്യൻസ് ലീഗിൽ ഗോളടിച്ചുകൂട്ടി ബയേണും യുണൈറ്റഡും

 

 

യുവേഫ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി മുൻ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ യുണൈറ്റഡും ബയേൺ മ്യൂണിക്കും. മാഞ്ചെസ്റ്റർ യുണൈറ്റഡ് അസർബൈജാൻ ക്ലബ്ബ് സാബയെ തകർത്തപ്പോൾ ബയേൺ നോർവീജിയൻ ക്ലബ്ബ് ബോഡോയെ കീഴടക്കി. ബയേൺ എതിരില്ലാത്ത അഞ്ച് ഗോളിനും യുണൈറ്റഡ് നാലുഗോളിനുമാണ് ജയിച്ചത്.

സാബയ്‌ക്കെതിരേ ആദ്യപകുതിയിൽ തന്നെ വലനിറച്ചാണ് യുണൈറ്റഡ് തുടങ്ങിയത്. 27-ാം മിനിറ്റിലാണ് ആദ്യ ഗോളടിക്കുന്നത്. സ്‌ട്രൈക്കർ മാത്യുസ് കുന്യയായിരുന്നു സ്‌കോറർ. ആദ്യ പകുതിയുടെ അവസാനം രണ്ട് തവണ യുണൈറ്റഡ് ലക്ഷ്യം കണ്ടു. 42-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസും 45-ാം മിനിറ്റിൽ ബെഞ്ചമിൻ സെസ്‌കോയും വലകുലുക്കി. 68-ാം മിനിറ്റിൽ ലിസാൻഡ്‌കോ മാർട്ടിനസും ഗോൾ പട്ടികയിൽ ഇടംപിടിച്ചതോടെ യുണൈറ്റഡ് ആധികാരിക ജയവുമായി മടങ്ങി. സ്വന്തം തട്ടകമായ ഓൽഡ് ട്രാഫോഡിലാണ് യുണൈറ്റഡ് മിന്നും പ്രകടനം പുറത്തെടുത്തത്.

ബോഡോയ്‌ക്കെതിരേ ഗോളടിച്ചുകൂട്ടിയെങ്കിലും ആദ്യപകുതിയിൽ ലക്ഷ്യം കാണാൻ ബയേണിനായില്ല. ഒട്ടേറെ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യപകുതിയിൽ ബോഡോ പ്രതിരോധം ഉറച്ചുനിന്നു. ഗോൾരഹിതമായിരുന്നു ആദ്യപകുതി. എന്നാൽ രണ്ടാം പകുതിയിലെ സ്ഥിതി അതായിരുന്നില്ല. 47-ാം മിനിറ്റിൽ ജമാൽ മുസിയാലയിലൂടെ ബയേൺ മുന്നിലെത്തി. പിന്നീടങ്ങോട്ട് ബോഡോ വലകുലുങ്ങി കൊണ്ടേയിരുന്നു. 61-ാം മിനിറ്റിൽ ഹാരി കെയ്‌നും 77-ാം മിനിറ്റിൽ അൽഫോൺസോ ഡേവിസും ലക്ഷ്യം കണ്ടു. പിന്നാലെ മൈക്കൽ ഒലിസെയുടെ ഇരട്ടഗോളുകളും പിറന്നതോടെ എതിരില്ലാത്ത അഞ്ച് ഗോൾ ജയവുമായി ബയേൺ ചാമ്പ്യൻസ് ലീഗ് തുടക്കം ഗംഭീരമാക്കി.

മറ്റു മത്സരങ്ങളിൽ ഇറ്റാലിയൻ ക്ലബ്ബ് കോമോ ആർ.ബി ലെയ്പ്‌സിഗിനെ തോൽപ്പിച്ചപ്പോൾ (4-1) ഫെനർബാഷെ റോമ മത്സരം സമനിലയിൽ (1-1) കലാശിച്ചു.