വനിതാ താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം; ആഭ്യന്തര ക്രിക്കറ്റിലും ഇനി തുല്യവേതനം
ഇന്ത്യൻ ആഭ്യന്തര വനിതാ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തിൽ വൻ വർധനവ് പ്രഖ്യാപിച്ച് ബിസിസിഐ. പുരുഷ താരങ്ങൾക്ക് ലഭിക്കുന്ന തുകയ്ക്ക് തുല്യമായ പ്രതിഫലം വനിതാ താരങ്ങൾക്കും നൽകുന്ന പുതിയ വേതന ഘടനയ്ക്ക് ബിസിസിഐ അപെക്‌സ് കൗൺസിൽ അംഗീകാരം നൽകി. നവംബറിൽ ഇന്ത്യ ആദ്യമായി വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെയാണ് താരങ്ങൾക്കുള്ള ഈ സുപ്രധാന പ്രഖ്യാപനം.
പുതിയ വേതന ഘടന അനുസരിച്ച്, ഏകദിന, ത്രിദിന മത്സരങ്ങൾ കളിക്കുന്ന പ്ലെയിങ് ഇലവനിലെ വനിതാ താരങ്ങൾക്ക് പ്രതിദിനം 50,000 രൂപ വീതം ലഭിക്കും. നേരത്തെ ഇത് 20,000 രൂപയായിരുന്നു. പ്ലേയിങ് ഇലവനില്‍ ഇടം നേടാത്ത റിസർവ് താരങ്ങൾക്ക് പ്രതിദിനം 25,000 രൂപയും ലഭിക്കും. ടി20 ഫോർമാറ്റിൽ പ്ലെയിങ് ഇലവനിലുള്ളവർക്ക് ഒരു മത്സരത്തിന് 25,000 രൂപയും റിസർവ് താരങ്ങൾക്ക് 12,500 രൂപയുമായിരിക്കും പുതിയ പ്രതിഫലം.
സീനിയർ പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കും തുല്യ മാച്ച് ഫീസ് മുൻപ് തന്നെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ ആഭ്യന്തര ക്രിക്കറ്റിലും തുല്യവേതനം നടപ്പിലാക്കുന്നത്. ഇതോടെ പ്രതിഫലം ഏകദേശം രണ്ടിരട്ടിയായി വർധിക്കും. ജൂനിയർ ടൂർണമെന്റുകളിലെ താരങ്ങളുടെ പ്രതിഫലത്തിലും ഇതിന് ആനുപാതികമായ വർധനവ് ഉണ്ടാകും. വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്കും കൂടുതൽ പെൺകുട്ടികൾ ഈ രംഗത്തേക്ക് കടന്നുവരാനും ബിസിസിഐയുടെ ഈ തീരുമാനം വലിയ ഊർജ്ജം നൽകും.