വിജയം തുടരാന് ബ്ലാസ്റ്റേഴ്സ്; ഐ.എസ്.എല്ലില് ഇന്ന് തീപാറും പോരാട്ടം
ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) വിജയത്തുടർച്ച ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. ഗുവാഹത്തി ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ രാത്രി 7:30-നാണ് മത്സരം ആരംഭിക്കുന്നത്. ആരാധകർക്ക് യൂട്യൂബിൽ മത്സരം തത്സമയം വീക്ഷിക്കാൻ സാധിക്കും.
ആദ്യ മത്സരത്തിൽ ഇന്റർകാശിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് തുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട. ഇംഗ്ലീഷ് പരിശീലകനായ ആഷ്ലി വെസ്റ്റ് വുഡിന്റെ തന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്. സൂപ്പർതാരം അഡ്രിയാൻ ലൂണ ഇന്നും കളിക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ. പുതിയ വിദേശതാരം മോമോ യാൻസെൻ ആദ്യ ഇലവനിൽ ഇടംപിടിച്ചേക്കും. മധ്യനിരയിൽ നെബോസ കൊസോവിച്ചും വിബിൻ മോഹനും അണിനിരക്കുമ്പോൾ, പ്രതിരോധത്തിൽ ജെയിംസ് ബോൾട്ടൺ ഇറങ്ങും.
മറുവശത്ത്, വമ്പന്മാരായ മോഹൻ ബഗാനെ കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് കളത്തിലിറങ്ങുന്നത്. മോഹൻ ബഗാനെതിരെ ഇൻജുറി ടൈമിൽ മലയാളി താരം എം.എസ് ഡിതിൻ നേടിയ ഗോളിലാണ് അവർ വിജയം പിടിച്ചെടുത്തത്. മൊറോക്കോ താരം അലാദിൻ അജാരെയും സെർബിയൻ താരം നിക്കോള നിങ്കോവിച്ചും ബ്ലാസ്റ്റേഴ്സിന് കനത്ത വെല്ലുവിളിയാകും.