മെഡൽ നേട്ടത്തിനു പിന്നിലെ നിർണായക ശക്തി വിരാട് കോലിയാണെന്ന് ബോക്‌സർ സാക്ഷി ചൗധരി

 

കോമൺവെൽത്ത് ഗെയിംസിലെ തന്റെ സ്വർണ മെഡൽ നേട്ടത്തിനു പിന്നിലെ നിർണായക ശക്തി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയാണെന്ന വെളിപ്പെടുത്തലുമായി ബോക്‌സർ സാക്ഷി ചൗധരി. ഗ്ലാസ്ഗോയിൽ നിന്ന് തിരിച്ചെത്തിയ ശേഷം സംസാരിക്കവെയാണ്, തന്റെ കരിയറിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിൽ വിരാട് കോലി ഫൗണ്ടേഷൻ നൽകിയ പിന്തുണയെക്കുറിച്ച് 25-കാരിയായ സാക്ഷി മനസു തുറന്നത്. ഗ്ലാസ്ഗോയിൽ വനിതകളുടെ 51 കിലോഗ്രാം ഫ്ളൈവെയ്റ്റ് വിഭാഗത്തിലാണ് സാക്ഷി ഇന്ത്യയ്ക്കായി സ്വർണ മെഡൽ നേടിയത്.

ഒളിമ്പിക് മെഡൽ ജേതാവ് വിജേന്ദർ സിങ്ങിനെ കണ്ടാണ് താൻ ബോക്‌സിങ്ങിലേക്ക് എത്തിയതെങ്കിലും, വിരാട് കോലി നൽകിയ സാമ്പത്തിക സഹായവും സമ്മർദങ്ങളെ അതിജീവിക്കാനുള്ള ഉപദേശങ്ങളുമാണ് തന്നെ കരിയറിൽ നിലനിർത്തിയതെന്ന് സാക്ഷി പറഞ്ഞു. യുവതാരത്തിൽ നിന്ന് മുതിർന്ന താരത്തിലേക്കുള്ള മാറ്റത്തിന്റെ ഘട്ടത്തിൽ മൂന്ന് വർഷത്തെ സ്‌പോൺസർഷിപ്പിലൂടെ സാക്ഷിയുടെ പരിശീലനത്തിനും മത്സരങ്ങൾക്കുമുള്ള ചെലവുകൾ കോലിയുടെ ഫൗണ്ടേഷനാണ് ഏറ്റെടുത്തത്.

''വിജേന്ദർ സിങ്ങിനെ കണ്ടതിന് ശേഷമാണ് ഞാൻ ബോക്സിംഗ് ആരംഭിച്ചത്, പക്ഷേ എന്റെ യാത്രയിൽ വിരാട് കോലി എന്നെ വളരെയധികം പിന്തുണച്ചിട്ടുണ്ട്. അദ്ദേഹം എന്റെ സ്പോൺസറാണ്, അതിനാൽ അദ്ദേഹത്തിനും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു'' - സാക്ഷി പറഞ്ഞു.