ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്

 

ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിന് കൊച്ചി വേദിയാകുന്നു. 2002 ലോകകപ്പ് നേടിയ ഇതിഹാസ താരങ്ങളണിനിരക്കുന്ന ബ്രസീല്‍ ലെജന്‍ഡ്‌സ് ടീമും ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് തമ്മിലുള്ള രാജ്യാന്തര ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20-ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും. മത്സരത്തിന്റെ ടിക്കറ്റ് ലോഞ്ചിങ് കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി ഇ അബ്ദുള്‍ ഗഫൂര്‍ നിര്‍വഹിച്ചു.റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ തുടങ്ങിയ പ്രമുഖ താരങ്ങള്‍ കൊച്ചിയില്‍ പന്തുതട്ടാനെത്തുന്നു എന്നതാണ് മത്സരത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇവര്‍ക്കൊപ്പം എഡ്മില്‍സണ്‍, പൗലോ സെര്‍ജിയോ, ജിയോവാനി, ജൂനിയര്‍, വിയോള, ഗോമസ് (ഗോള്‍കീപ്പര്‍), അമാരല്‍, ഗുസ്താവോ നെറി, റിക്കാര്‍ഡോ ഒലിവേര, ജോര്‍ജീഞ്ഞോ, കമാന്‍ഡുകായ, എലിവെല്‍ട്ടണ്‍, സൂസ, പാരാ, ഡിയോഗോ എന്നിവരടങ്ങുന്നതാണ് ബ്രസീല്‍ ടീം. ഐഎം വിജയന്‍, സികെ വിനീത്, ജോ പോള്‍ അഞ്ചേരി, കെടി ചാക്കോ തുടങ്ങി ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങള്‍ അണിനിരക്കുന്നതാണ് ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ്.

ഗാമന്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവര്‍ സംയുക്തമായാണ് കൊച്ചിയിലെ രാജ്യാന്തര ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നത്. ബ്രസീല്‍ മുന്‍ താരങ്ങളുടെ അന്താരാഷ്ട്ര ടൂറില്‍ ഇന്ത്യയിലെ ഉള്‍പ്പെടെ അഞ്ച് പ്രധാന നഗരങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി,ഹൈദരാബാദ്, മുംബൈ,ദുബായ് എന്നിവടങ്ങളിലായി നടത്തുന്ന പോരാട്ടത്തിലെ രണ്ടാം മത്സരത്തിനാണ് കൊച്ചി വേദിയാകുക. നേരത്തെ ചെന്നൈയില്‍ അരങ്ങേറിയ മത്സരം വന്‍ വിജയമായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ഹൈബി ഈഡന്‍ എംപി, ടി ജെ വിനോദ് എംഎല്‍എ, കൊച്ചി കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടികെ അഷ്‌റഫ്, ഗാമന്‍ വേള്‍ഡ് സ്‌പോര്‍ട്‌സ് സിഇഒ എ. രാജേഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു