ബ്രസീൽ പോരാട്ടം പ്രധാനം; ഇന്ത്യൻ ഫുട്ബോൾ ടീം ആസിയാൻ കപ്പിൽ നിന്ന് പിന്മാറി
ബ്രസീൽ ദേശീയ ടീമുമായുള്ള സൗഹൃദ മത്സരവും പ്രഥമ ഫിഫ ആസിയാൻ കപ്പും ഒരേ സമയത്ത് വരുന്നതിനാൽ ആസിയാൻ കപ്പിൽ നിന്ന് ഇന്ത്യൻ ഫുട്ബോൾ ടീം പിന്മാറി. ബ്രസീലുമായുള്ള ചരിത്രപരമായ പോരാട്ടത്തിന് മുൻഗണന നൽകിക്കൊണ്ടാണ് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (AIFF) ഈ തീരുമാനമെടുത്തത്.
ബ്രസീലുമായുള്ള സൗഹൃദ മത്സരം ഒക്ടോബർ മൂന്നിന് കൊൽക്കത്തയിൽ വെച്ച് നടക്കാനിരിക്കെ, ഇന്തോനേഷ്യയിൽ നടക്കുന്ന ആസിയാൻ കപ്പ് മത്സരങ്ങൾ സെപ്റ്റംബർ 21 മുതൽ ഒക്ടോബർ ആറ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് ടൂർണമെന്റുകളിലുമായി വെവ്വേറെ ടീമുകളെ അണിനിരത്താൻ എ.ഐ.എഫ്.എഫ് ആദ്യം ആലോചിച്ചിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നുവെക്കുകയായിരുന്നു. ഇരു മത്സരങ്ങളും ഒരേസമയത്ത് കളിപ്പിക്കാൻ സാധിക്കാത്തതിനാലാണ് പിന്മാറ്റമെന്ന് എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം. സത്യനാരായണൻ അറിയിച്ചു.
അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലുമായി കളിക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് അപൂർവ്വവും വലിയ അനുഭവ സമ്പത്തുമായിരിക്കുമെന്നാണ് ഫെഡറേഷന്റെ വിലയിരുത്തൽ. അതേസമയം, ഇന്ത്യയുടെ പിന്മാറ്റത്തിന് മുൻപ് രണ്ട് ടീമുകളെ കളിപ്പിക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ രംഗത്തെത്തിയിരുന്നു. ആസിയാൻ കപ്പിൽ ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവരുമായായിരുന്നു ഇന്ത്യയുടെ മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.