ചെസ് ഒളിമ്പ്യാഡ്: ഇന്ത്യയുടെ പുരുഷ ടീമിന് വെള്ളി, വനിതാ ടീമിന് വെങ്കലം
ചെസ് ഒളിമ്പ്യാഡിൽ മിന്നുന്ന പ്രകടനവുമായി ഇന്ത്യ. ഇന്ത്യൻ പുരുഷ ടീം വെള്ളി മെഡലും വനിതാ ടീം വെങ്കല മെഡലും സ്വന്തമാക്കി. അവസാന റൗണ്ടിൽ ഹംഗറിയോട് സമനില വഴങ്ങിയതിനെ തുടർന്ന് മികച്ച ടൈ-ബ്രേക്കർ സ്കോറിന്റെ മികവിലാണ് പുരുഷ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ജോർജിയക്കെതിരെയുള്ള പോരാട്ടം സമനിലയിൽ അവസാനിപ്പിച്ചാണ് വനിതകൾ മൂന്നാം സ്ഥാനം ഉറപ്പിച്ചത്. ഉസ്ബെക്കിസ്ഥാൻ പുരുഷ വിഭാഗത്തിലും ചൈന വനിതാ വിഭാഗത്തിലും സ്വർണമെഡൽ നേടി.
പുരുഷ വിഭാഗത്തിൽ ഇന്ത്യയും ജർമ്മനിയും 18 പോയിന്റുകൾ വീതം നേടി ഒപ്പത്തിനൊപ്പം എത്തിയെങ്കിലും ടൈ-ബ്രേക്കർ സ്കോർ ഇന്ത്യക്ക് തുണയാവുകയായിരുന്നു. വ്യക്തിഗത പ്രകടനത്തിൽ ആർ. പ്രഗ്നാനന്ദ വെങ്കല മെഡൽ സ്വന്തമാക്കി.
വനിതാ വിഭാഗത്തിലും 18 പോയിന്റോടെയാണ് ഇന്ത്യ മെഡൽ വേദിയിലെത്തിയത്. 10 മത്സരങ്ങളിൽനിന്ന് 9 പോയിന്റ് നേടി സവിത വ്യക്തിഗത സ്വർണമെഡൽ സ്വന്തമാക്കി. കൂടാതെ വ്യക്തിഗത വിഭാഗത്തിൽ ദിവ്യ ദേശ്മുഖ് വെള്ളിയും, കോനേരു ഹംപി, വന്തിക അഗർവാൾ എന്നിവർ വെങ്കല മെഡലുകളും നേടി.