സിറാജിനെ ഒഴിവാക്കിയതിൽ വിവേചനമെന്ന് കോൺഗ്രസ് എം.പി; സെലക്ടർമാർക്ക് പിന്തുണയുമായി കപിൽ ദേവ്
ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ പ്ലെയിങ് ഇലവനിൽ നിന്ന് പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെ ചൊല്ലിയുള്ള വിവാദങ്ങളിൽ പ്രതികരിച്ച് ഇന്ത്യയുടെ മുൻ ലോകകപ്പ് ക്യാപ്റ്റൻ കപിൽ ദേവ്. ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ തനിക്ക് അധികാരമില്ലെന്നും സെലക്ടർമാർ മികച്ച ജോലിയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിറാജിനെ ടീമിൽ ഉൾപ്പെടുത്താത്തതിന് പിന്നിൽ വിവേചനമുണ്ടെന്ന കോൺഗ്രസ് എം.പി ഇമ്രാൻ മസൂദിന്റെ ആരോപണങ്ങൾക്ക് പിന്നാലെയാണ് കപിൽ ദേവിന്റെ പ്രതികരണം പുറത്തുവന്നത്.
ഇക്കാര്യത്തിൽ സെലക്ടർമാരോടാണ് ചോദിക്കേണ്ടതെന്നും താൻ ആരുമല്ലെന്നും കപിൽ ദേവ് പറഞ്ഞു. നമ്മളെപ്പോലെയുള്ളവർ ഇതിൽ അഭിപ്രായം പറയുന്നതിൽ അർത്ഥമില്ലെന്നും ചുമതലയുള്ളവരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെലക്ടർമാർ അവരുടെ ജോലി മികച്ച രീതിയിൽ ചെയ്യുന്നുണ്ടെന്നാണ് കരുതുന്നതെന്നും എല്ലാവരെയും എപ്പോഴും സന്തോഷിപ്പിക്കാൻ കഴിയില്ലെന്നും കപിൽ ദേവ് വ്യക്തമാക്കി.
നിലവിലുള്ള സംവിധാനത്തെ വിമർശിക്കുന്നതിൽ കാര്യമില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു എന്നതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിറാജിനെ തനിക്ക് ഏറെ ഇഷ്ടമാണെങ്കിലും ടീം തിരഞ്ഞെടുക്കേണ്ടത് സെലക്ടർമാരും മാനേജരും ക്യാപ്റ്റനും ചേർന്നാണ്; വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളേക്കാൾ ഉപരിയായി സംവിധാനം എങ്ങനെയാണ് പദ്ധതികൾ ആവിഷ്കരിക്കുന്നത് എന്നതാണ് പ്രധാനമെന്നും കപിൽ ദേവ് ചൂണ്ടിക്കാട്ടി.
അതേസമയം, മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സിറാജിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ പേര് 'സിറാജ്' എന്നായതുകൊണ്ടാണെന്നും ഇതിൽ വ്യക്തമായ വിവേചനമുണ്ടെന്നുമാണ് കോൺഗ്രസ് എം.പി ഇമ്രാൻ മസൂദ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ആരോപിച്ചത്. എന്നാൽ ഇമ്രാൻ മസൂദിന്റെ ആരോപണങ്ങളെ കേന്ദ്രമന്ത്രി കിരൺ റിജിജു തള്ളിക്കളഞ്ഞിരുന്നു; രാജ്യത്ത് അവസരങ്ങൾ നൽകുന്നത് ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലല്ലെന്നും മറിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നുമാണ് കിരൺ റിജിജു വ്യക്തമാക്കിയത്.