വിജയത്തിന് പിന്നാലെ വിവാദം; ഡ്രസ്സിങ് റൂമിൽ ഇ-സിഗരറ്റ് വലിച്ച് രാജസ്ഥാൻ നായകൻ റിയാൻ പരാഗ്
പഞ്ചാബ് കിങ്‌സിനെതിരായ ആവേശകരമായ വിജയത്തിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗ് വിവാദത്തിൽ. മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് പരാഗ് ഇ-സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതാണ് വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പഞ്ചാബിന്റെ അപരാജിത കുതിപ്പിന് അന്ത്യം കുറിച്ച രാജസ്ഥാന്റെ വിജയലഹരിക്കിടയിലാണ് ക്യാപ്റ്റന്റെ ഈ പ്രവൃത്തി ടീമിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
നേരത്തെ ഡഗൗട്ടിൽ ഫോൺ ഉപയോഗിച്ചതിന് രാജസ്ഥാൻ ടീം മാനേജർ റോമി ഭിന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നായകൻ തന്നെ അച്ചടക്ക ലംഘനത്തിൽ അകപ്പെടുന്നത്. മത്സരത്തിൽ 223 റൺസ് പിന്തുടർന്ന രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുന്നതിൽ പരാഗ് നിർണ്ണായക പങ്ക് വഹിച്ചിരുന്നു. എന്നാൽ മൈതാനത്തെ പ്രകടനത്തേക്കാൾ ഇപ്പോൾ താരത്തിന്റെ ഡ്രസ്സിങ് റൂമിലെ പെരുമാറ്റമാണ് ഐപിഎൽ വൃത്തങ്ങളിൽ ചർച്ചയാകുന്നത്.