ധോനി മകന്റെ കരിയർ നശിപ്പിച്ചുവെന്ന ആരോപണം; പിതാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് യുവരാജ് സിങ് പറഞ്ഞ വീഡിയോ വീണ്ടും വൈറൽ 

 

മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയാണ് തന്‍റെ മകൻ യുവരാജ് സിംഗിന്‍റെ കരിയര്‍ നശിപ്പിച്ചതെന്ന യോഗ്‌രാജ് സിംഗിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നാലെ പിതാവിനെക്കുറിച്ച് യുവരാജ് സിംഗ് മുമ്പ് പറഞ്ഞ വാക്കുകള്‍ വീണ്ടും വൈറലാവുന്നു. തന്‍റെ പിതാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് യുവരാജ് അഭിമുഖത്തില്‍ തുറന്നുപറയുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയായത്. എന്‍റെ പിതാവിന് മാനസിക പ്രശ്നങ്ങളുണ്ട്. പക്ഷെ അത് അംഗീകരിക്കാന്‍ അദ്ദേഹം ഒരിക്കലും  തയാറാവില്ലെന്നായിരുന്നു യുവി അഭിമുഖത്തില്‍ യുവി പറഞ്ഞത്.


ധോണിയാണ് യുവരാജിന്‍റെ കരിയര്‍ നശിപ്പിച്ചതെന്നും ധോണിയുടെ സ്വാധീനമില്ലായിരുന്നെങ്കില്‍ യുവരാജിന്‍റെ കരിയര്‍ നാലഞ്ചു കൊല്ലം കൂടി തുടരുമായിരുന്നുവെന്നും യോഗ്‌രാജ് സിംഗ് ഇന്നലെ സീ സ്വിച്ചിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യുവരാജിനെപ്പോലെ മറ്റൊരു താരം ഇനി ഇന്ത്യൻ ക്രിക്കറ്റിലുണ്ടാവില്ലെന്നും ഇക്കാര്യം ഗൗതം ഗംഭീറും വീരേന്ദര്‍ സെവാഗുമെല്ലാം പറഞ്ഞിട്ടുള്ളതാണെന്നും വ്യക്തമാക്കിയ യോഗ്‌രാജ് സിംഗ് യുവരാജിന് രാജ്യം ഭാരത്‌രത്ന നല്‍കി ആദരിക്കണമെന്നും യോഗ്‌രാജ് പറഞ്ഞിരുന്നു.