മെസ്സിയെ പൂട്ടാൻ നോക്കി ഊർജ്ജം കളയരുത്; ഫൈനലിന് മുൻപ് സ്പെയിന് ഉപദേശവുമായി ഇനിയേസ്റ്റ
ലോകകപ്പ് ഫൈനലിൽ അർജന്റീനയെ നേരിടാനൊരുങ്ങുന്ന സ്പാനിഷ് ടീമിന് തന്ത്രപരമായ മുന്നറിയിപ്പുമായി ഇതിഹാസ താരം ആന്ദ്രെ ഇനിയേസ്റ്റ. സൂപ്പർ താരം ലയണൽ മെസ്സിയെ പൂർണ്ണമായി പൂട്ടാൻ ശ്രമിച്ച് കളിക്കാരുടെ ഊർജ്ജം കളയരുതെന്നും, അതിനുപകരം സ്പെയിൻ സ്വന്തം ശൈലിയിലുള്ള കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഇനിയേസ്റ്റ ഉപദേശിച്ചു. കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസ്സിയുടെ അസാധ്യ കളിമികവിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
"മെസ്സിയെ മത്സരത്തിൽ നിന്ന് പൂർണ്ണമായി തടഞ്ഞുനിർത്തുക എന്നത് അസാധ്യമായ കാര്യമാണ്. അതിനായി ശ്രമിക്കുന്നതിനേക്കാൾ, സ്പെയിൻ സ്വന്തം കളിശൈലിയിലൂടെ എങ്ങനെ അർജന്റീനയെ സമ്മർദ്ദത്തിലാക്കുന്നു എന്നതിലാണ് കാര്യം. കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും അവ കൃത്യമായി ഫിനിഷ് ചെയ്യുകയുമാണ് വേണ്ടത്. മെസ്സിയുടെ നിശ്ചയദാർഢ്യത്തെയും കളിയിലുള്ള സ്വാധീനത്തെയും കുറിച്ച് സംസാരിക്കാൻ വാക്കുകളില്ല. ഓരോ മത്സരത്തിലും മെസ്സി പുറത്തെടുക്കുന്ന മികവിനെ നമ്മൾ ബഹുമാനിച്ചേ തീരൂ," ഇനിയേസ്റ്റ വ്യക്തമാക്കി.
നിലവിലെ സ്പാനിഷ് യുവനിര ഒട്ടും ഭയമില്ലാതെ ഫൈനലിനെ നേരിടണമെന്നും ഇനിയേസ്റ്റ കൂട്ടിച്ചേർത്തു. "ടീമിന് ഒരിക്കലും ഭയം ഉണ്ടാകരുത്. ടീമിലെ ഓരോ കളിക്കാരനും തങ്ങളുടെ ഉത്തരവാദിത്തം എന്താണെന്ന് കൃത്യമായി അറിയാം. കളി പൂർണ്ണമായും നിയന്ത്രണത്തിലാക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. ടൂർണമെന്റിലുടനീളം സ്പെയിനിന്റെ പ്രകടനഗ്രാഫ് ഉയർന്ന നിലയിലാണുള്ളത്," അദ്ദേഹം പറഞ്ഞു.
ഫൈനലിൽ ആര് വിജയഗോൾ നേടും എന്ന ചോദ്യത്തിനും ഇനിയേസ്റ്റയ്ക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. ഫൈനലിൽ ആര് ഗോൾ അടിച്ചു എന്നതിലല്ല കാര്യമെന്നും, 2010-ന് ശേഷം സ്പെയിൻ വീണ്ടുമൊരു ലോകകിരീടം ഉയർത്തുക എന്നത് മാത്രമാണ് ഏറ്റവും പ്രധാനമെന്നും മുൻ ലോകകപ്പ് ഹീറോ കൂടിയായ ഇനിയേസ്റ്റ ഓർമ്മിപ്പിച്ചു.