രഞ്ജി ട്രോഫി ഫൈനലിൽ നാടകീയ രംഗങ്ങൾ; ഗ്രൗണ്ടിൽ താരങ്ങൾ തമ്മിൽ കയ്യാങ്കളി
രഞ്ജി ട്രോഫി ഫൈനലിന്റെ രണ്ടാം ദിനത്തിൽ ജമ്മു കശ്മീർ ക്യാപ്റ്റൻ പരസ് ദോഗ്രയും കർണാടക താരം കെ.വി. അനീഷും തമ്മിൽ ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടി. മത്സരത്തിന്റെ 101-ാം ഓവറിൽ കർണാടക താരം പ്രസിദ്ധ് കൃഷ്ണയുടെ പന്ത് പരസ് ദോഗ്ര ബൗണ്ടറി കടത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. സില്ലി പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന കർണാടകയുടെ സബ്സ്റ്റിറ്റ്യൂട്ട് താരം കെ.വി. അനീഷ് നടത്തിയ മോശം പരാമർശത്തിൽ പ്രകോപിതനായ പരസ് ദോഗ്ര താരത്തിന് നേരെ തിരിയുകയായിരുന്നു.
തർക്കത്തിനിടെ പരസ് ദോഗ്ര അനീഷിന്റെ തലയിൽ തന്റെ തല ഉപയോഗിച്ച് ഇടിക്കുകയും രൂക്ഷമായി പ്രതികരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. രംഗം വഷളാകുമെന്ന് കണ്ടതോടെ സഹതാരങ്ങളും അമ്പയർമാരും ഉടൻ ഇടപെട്ട് ഇരുവരേയും പിന്തിരിപ്പിച്ചു. തുടർന്ന് ഇരു ടീമുകളുടെയും ക്യാപ്റ്റന്മാരെ വിളിച്ചുവരുത്തിയ അമ്പയർമാർ കർശനമായ താക്കീത് നൽകിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. ഫൈനൽ പോലൊരു നിർണ്ണായക മത്സരത്തിൽ താരങ്ങൾ തമ്മിലുണ്ടായ ഈ അച്ചടക്കലംഘനം കായിക വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.