ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ: മോഹൻ ബഗാനെ തകർത്ത് ഈസ്റ്റ് ബംഗാളിന് പതിനേഴാം കിരീടം

 

കൊൽക്കത്തൻ ഡെർബി ഫൈനലിൽ മോഹൻ ബഗാനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് ഈസ്റ്റ് ബംഗാൾ പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പിൽ മുത്തമിട്ടു. ഇതോടെ ടൂർണമെന്റിന്റെ 138 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കിരീടം നേടുന്ന ടീമെന്ന നേട്ടത്തിൽ മോഹൻ ബഗാനൊപ്പമെത്താൻ ഈസ്റ്റ് ബംഗാളിനായി. 2004-ന് ശേഷം ആദ്യമായാണ് ഈസ്റ്റ് ബംഗാൾ ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കുന്നത്.

മിസോറാം വിങ്ങർ എഡ്മണ്ട് ലാൽറിൻഡിക്കെയുടെ മിന്നുന്ന ഹാട്രിക്കാണ് ഈസ്റ്റ് ബംഗാളിന് തകപ്പൻ വിജയം സമ്മാനിച്ചത്. പത്താം മിനിറ്റിൽ ബിപിൻ സിങ് ഗോളടി തുടങ്ങി വെച്ചപ്പോൾ 12, 22, 44 മിനിറ്റുകളിലായിരുന്നു എഡ്മണ്ടിന്റെ ഗോളുകൾ. 33-ാം മിനിറ്റിൽ മൻവീർ സിങ് മോഹൻ ബഗാനായി ഒരു ഗോൾ മടക്കിയെങ്കിലും തോൽവിയുടെ ആഘാതം കുറയ്ക്കാനായില്ല.

ഒന്നാം പകുതിയിൽ പന്ത് കൂടുതൽ സമയം കൈവശം വെയ്ക്കാൻ മോഹൻ ബഗാന് സാധിച്ചെങ്കിലും ലഭിച്ച അവസരങ്ങൾ കൃത്യമായി ലക്ഷ്യത്തിലെത്തിച്ച ഈസ്റ്റ് ബംഗാൾ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു.