ജർമനിക്കെതിരെ നേടിയ ചരിത്ര വിജയം ആഘോഷിക്കാൻ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ഇക്വഡോർ

 

 

ലോകകപ്പിൽ ജർമനിക്കെതിരെ നേടിയ ചരിത്ര വിജയം ആഘോഷിക്കാൻ രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ച് ഇക്വഡോർ. വെള്ളിയാഴ്ച രാജ്യത്ത് പൊതു അവധിയാണെന്ന് ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവ പ്രഖ്യാപിച്ചു. മത്സരം കാണാൻ നൊബോവയും മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ എത്തിയിരുന്നു.‘വിമർശനങ്ങളെയും അപമാനങ്ങളെയും ദുഷ്‌കരമായ സമയത്തെയുമെല്ലാം അതിജീവിച്ചുകൊണ്ട് രാജ്യത്തിന് ഈ വലിയ സന്തോഷം കൊണ്ടുവന്ന കളിക്കാർക്കും പരിശീലകനും നന്ദി. നാളെ രാജ്യത്ത് അവധി പ്രഖ്യാപിക്കുകയാണ്! ഇക്വഡോർ നീണാൾ വാഴട്ടെ’– ഇക്വഡോർ പ്രസിഡന്റ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഐവറി കോസ്റ്റിനോട് പരാജയപ്പെട്ട ശേഷം ഇക്വഡോർ പരിശീലകൻ സെബാസ്റ്റ്യൻ ബെക്കാറസും കളിക്കാരും വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. തുടർന്ന് കുറസാവോയുമായി ഗോൾ രഹിത സമനിലയും ടീമിന് വഴങ്ങേണ്ടിവന്നു.

ജർമനിക്കും ഐവറി കോസ്റ്റിനും പിന്നിലാണെങ്കിലും ടൂർണമെന്റിലെ മൂന്നാം സ്ഥാനക്കാരായ മികച്ച എട്ട് ടീമുകളിൽ ഒന്നായി ഇക്വഡോറിന് നോക്കൗട്ട് കടക്കാം. ലോകകപ്പിൽ പുറത്താകലിന്റെ വക്കിൽ നിന്നാണ് ഇക്വഡോറിന്റെ മടങ്ങിവരവ്.