ന്യൂസീലൻഡിനെ തകർത്തെറിഞ്ഞു, ഈജിപ്തിന് ചരിത്ര വിജയം

 

 

ഫിഫ ലോകകപ്പിലെ ജി ഗ്രൂപ്പ് പോരാട്ടത്തിൽ ന്യൂസീലൻഡിനെ തകർത്തെറിഞ്ഞ് ചരിത്ര വിജയം സ്വന്തമാക്കി ഈജിപ്ത്. ആദ്യ പകുതിയിൽ ഒരു ഗോൾ വഴങ്ങി പിന്നിലായ ഈജിപ്ത് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. ഗോളടിച്ചും അടിപ്പിച്ചും കളംനിറഞ്ഞ സൂപ്പർ താരം മുഹമ്മദ് സലായാണ് ഈജിപ്തിന്റെ ഹീറോ. മുസ്തഫ സിക്കോ (58), മുഹമ്മദ് സലാ (67), ട്രെസെഗ്വെറ്റ് (82) എന്നിവരാണ് ഈജിപ്തിന്റെ ഗോൾ സ്കോറർമാർ. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഈജിപ്ത് ഒരു വിജയം സ്വന്തമാക്കുന്നത്.ആദ്യ മത്സരത്തിൽ ബൽജിയത്തോട് സമനില വഴങ്ങിയ ടീം നാലു പോയിന്റുമായി ജി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. അടുത്ത മത്സരത്തിൽ ഇറാനെ വീഴ്ത്തിയാൽ ഏഴു പോയിന്റുമായി ഈജിപ്ത് നോക്കൗട്ടിൽ കടക്കും. സമനില നേടിയാലും ഈജിപ്തിന്റെ നോക്കൗട്ട് പ്രവേശം ഉറപ്പാണ്.2018ലെ റഷ്യൻ ലോകകപ്പിൽ ഈജിപ്ത് കളിച്ച എല്ലാ മത്സരങ്ങളും തോറ്റിരുന്നു. 1990 ലെ ഇറ്റലി ലോകകപ്പിൽ രണ്ടു സമനില നേടിയതാണ് ഇതിനു മുൻപത്തെ ഏറ്റവും മികച്ച പ്രകടനം. 1934 ലോകകപ്പിലും ഈജിപ്ത് കളിച്ചിട്ടുണ്ടെങ്കിലും ഹംഗറിയോട് 4–2ന് തോൽവി വഴങ്ങുകയായിരുന്നു.