ഒളിംപിക് ചാമ്പ്യനെ വീഴ്ത്തി ഇളവേനിൽ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം വെള്ളി
ഏഷ്യൻ ഗെയിംസ് വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയുടെ ഇളവേനിൽ വാളറിവന് വെള്ളി. കേവലം 0.6 പോയിന്റിന്റെ വ്യത്യാസത്തിലാണ് (252.4 പോയിന്റ്) ഇളവേനിലിന് സ്വർണം നഷ്ടമായത്. ജപ്പാന്റെ ഹിനത തായ്ചി സ്വർണം നേടിയപ്പോൾ, നിലവിലെ ഒളിംപിക്-ലോക ചാമ്പ്യനായ ദക്ഷിണ കൊറിയയുടെ ബാൻ ഹ്യോജിനിനെ വെങ്കലത്തിലേക്ക് തള്ളിയിട്ടാണ് ഇളവേനിലിന്റെ നേട്ടം.
വനിതകളുടെ ടീം ഇനത്തിലും ഇന്ത്യ വെള്ളി നേടിയിരുന്നു. 1898.0 പോയിന്റോടെയാണ് സോനം മസ്കർ, ഇളവേനിൽ വാളറിവൻ, വിദർഷ വിനോദ് എന്നിവരടങ്ങിയ സംഘം വെള്ളി സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമെന്ന ചരിത്രനേട്ടം കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർഷ വിനോദ് സ്വന്തമാക്കി.
തന്റെ കന്നി ഏഷ്യൻ ഗെയിംസിൽ തന്നെ ഈ നേട്ടത്തിലെത്താനായതിൽ സന്തോഷമുണ്ടെന്നും 50 മീറ്റർ റൈഫിൾ ഇനത്തിലും മത്സരിക്കുന്നുണ്ടെന്നും വിദർഷ പറഞ്ഞു. ടീം ഇനത്തിൽ ലോക റെക്കോർഡോടെ ചൈന സ്വർണവും ജപ്പാൻ വെങ്കലവും നേടി.