നോർവേയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ; ഇരട്ടഗോളുകളുമായി ജൂഡ് ബെല്ലിങ്‌ഹാം തിളങ്ങി
നോർവേയെ ആവേശപ്പോരാട്ടത്തിൽ വീഴ്ത്തി ഇംഗ്ലണ്ട് ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ വിജയം. സൂപ്പർ താരം ജൂഡ് ബെല്ലിങ്ഹാം ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ എക്സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ട് വിജയമുറപ്പിച്ചത്. നോർവേയ്ക്കായി ആന്ദ്രേയസ് ഷെൽഡ്രപ്പ് ആശ്വാസ ഗോൾ നേടി.
മയാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. മത്സരത്തിന്റെ 36–ാം മിനിറ്റിൽ ആന്ദ്രേയസ് ഷെൽഡ്രപ്പിലൂടെ നോർവേയാണ് ആദ്യം ലീഡെടുത്തത്. എന്നാൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ജൂഡ് ബെല്ലിങ്ഹാം ഇംഗ്ലണ്ടിനെ സമനിലയിൽ എത്തിച്ചു.
രണ്ടാം പകുതിയിലും ഇരുടീമുകൾക്കും കൂടുതൽ ഗോളുകൾ നേടാനാകാതെ വന്നതോടെ നിശ്ചിത സമയത്ത് സ്കോർ 1-1 സമനിലയിലായി. തുടർന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ (93–ാം മിനിറ്റ്) ബെല്ലിങ്ഹാം ഇംഗ്ലണ്ടിന്റെ വിജയഗോളും സ്വന്തം അക്കൗണ്ടിലെ രണ്ടാം ഗോളും നേടി ടീമിനെ സെമി ഫൈനലിലേക്ക് നയിക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സെമിയിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ.