ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് ഇരട്ട നേട്ടം : ഇഷ സിങ്ങിന് സ്വർണം; മനു ഭാക്കറിന് വെങ്കലം

 

ഷൂട്ടിങ് ലോകകപ്പിൽ ഇന്ത്യക്ക് സുവർണ നേട്ടം. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇഷ സിങ് സ്വർണം സ്വന്തമാക്കിയപ്പോൾ, ഇതേ ഇനത്തിൽ ഒളിംപിക് മെഡൽ ജേതാവ് മനു ഭാക്കർ വെങ്കലം നേടി. നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ഈ വർഷം ആദ്യം ഈയിനത്തിൽ ലോക റെക്കോർഡ് കുറിച്ച താരമായ ഇഷ ലോകകപ്പ് ഫൈനലിലും മികച്ച പ്രകടനം നടത്തി. 50ൽ 40 പോയിന്റുകളും 21കാരിയായ താരം നേടി.

ചൈനയുടെ യുവേയുവേ ഷാങ് 37 പോയിന്റുമായി വെള്ളി മെഡൽ നേടി. ഉത്തര കൊറിയൻ താരം ഹോൻ ഗിയോങ് പാക്കിനെ മറികടന്നാണ് മനു ഭാക്കർ വെങ്കലം സ്വന്തമാക്കിയത്. ഡബിൾ ഷൂട്ട് ഓഫിൽ 28 പോയിന്റ് നേടിയാണ് മനു ഭാക്കർ മെഡൽ ഉറപ്പിച്ചത്.

ഹാങ്ഷു ലോകകപ്പിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഇതോടെ മൂന്നായി. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ സൈനം വെള്ളി നേടിയിരുന്നു.ഒരു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ മൂന്ന് മെഡലുകളുമായി ഇന്ത്യ നിലവിൽ മെഡൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ആതിഥേയരായ ചൈനയാണ് പട്ടികയിൽ ഒന്നാമത്.