യൂറോപ്യൻ നേഷൻസ് ലീഗ്; നോർവേയെ വീഴ്ത്തി പോർച്ചുഗൽ ക്വാർട്ടറിൽ
യൂറോപ്യൻ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ കടക്കുന്ന ആദ്യ ടീമായി പോർച്ചുഗൽ. നോർവേയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പോർച്ചുഗൽ മുന്നേറ്റം നടത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ കളത്തിലിറങ്ങിയ പോർച്ചുഗീസുകാർക്കായി ജാവോ കാൻസലോ, ഗോൺസാലോ റാമോസ് എന്നിവർ ഗോൾ നേടി. ക്രിസ്റ്റഫർ അജറാണ് നോർവേയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ജയത്തോടെ ഗ്രൂപ്പ് ഡിയിൽ തുടർച്ചയായ നാലാം ജയം കുറിച്ച പോർച്ചുഗൽ 12 പോയിന്റോടെയാണ് ക്വാർട്ടർ ഉറപ്പിച്ചത്.
മറ്റു മത്സരങ്ങളിൽ ഡെൻമാർക്ക് വെയ്ൽസിനെ എതിരില്ലാത്ത ഒരു ഗോളിനും നെതർലൻഡ്‌സ് സെർബിയയെ 2-1നും തോൽപ്പിച്ചപ്പോൾ ജർമനിയെ ഗ്രീസ് ഗോൾരഹിത സമനിലയിൽ തടഞ്ഞു. വെയ്ൽസിനെതിരെ റാസ്മുസ് ഹോളുണ്ട് നേടിയ പെനാൽറ്റി ഗോളിലാണ് ഡെൻമാർക്ക് വിജയിച്ചത്. സെർബിയക്കെതിരെ ടിയൂൺ കോപ്‌മൈനേഴ്‌സ്, ജോഷ്വ സിർക്‌സി എന്നിവരാണ് ഡച്ച് പടയ്ക്കായി ലക്ഷ്യം കണ്ടത്. എട്ട് പോയിന്റോടെ ഗ്രൂപ്പ് ബിയിൽ നെതർലൻഡ്‌സ് ഒന്നാം സ്ഥാനത്ത് തുടരുന്നു.