ക്ലീൻ ആൻഡ് ജെർക്കിൽ പരാജയം; ഭാരോദ്വഹനത്തിൽ നിരുപമയ്ക്ക് മെഡലില്ല
Jul 28, 2026, 21:50 IST
വനിതകളുടെ 63 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം നിരുപമ ദേവി മെഡലില്ലാതെ പുറത്തായി. സ്‌നാച്ചിൽ 93 കിലോ ഉയർത്തി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും, ക്ലീൻ ആൻഡ് ജെർക്കിൽ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് താരം മത്സരത്തിൽ നിന്ന് പുറത്തായത്. ആകെ 232 കിലോ ഉയർത്തിയ കാനഡയുടെ എം. ഷരോൺ ഈ ഇനത്തിൽ സ്വർണം നേടി.
സ്‌നാച്ചിലെ രണ്ടാം ശ്രമത്തിലാണ് നിരുപമ 93 കിലോ ഉയർത്തിയത്. സ്‌നാച്ച് റൗണ്ട് പൂർത്തിയായപ്പോൾ താരം അഞ്ചാം സ്ഥാനത്തായിരുന്നു. തുടർന്ന് ക്ലീൻ ആൻഡ് ജെർക്കിൽ 123 കിലോ ഉയർത്താനുള്ള മൂന്ന് ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.
സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും ഒരുപോലെ ആധിപത്യം പുലർത്തിയാണ് കനേഡിയൻ താരം ഷരോൺ സ്വർണം സ്വന്തമാക്കിയത്. ക്രിസ്റ്റി നോട്ടെ വെള്ളി നേട്ടം സ്വന്തമാക്കിയപ്പോൾ ഓസ്‌ട്രേലിയൻ താരം കെ.ആർ. എല്ല്യട്ട് വെങ്കലം നേടി.