ഫിഫ പ്രസിഡന്റിനെയും റഫറിയെയും ‘കള്ളന്മാർ’ എന്ന് വിളിച്ചു; പരാഗ്വേയൻ കമന്റേറ്ററുടെ ലോകകപ്പ് അനുമതി ഫിഫ റദ്ദാക്കി

 

ലോകകപ്പ് മത്സരത്തിനിടെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെയും മാച്ച് റഫറിയെയും രൂക്ഷമായി വിമർശിച്ച പരാഗ്വേയൻ ഫുട്‌ബോൾ കമന്റേറ്റർ ജോർജ് ചിപ്പി വേരയ്ക്ക് ലോകകപ്പിൽ വിലക്ക്. ഫിഫയ്ക്കും മാച്ച് ഒഫീഷ്യലുകൾക്കുമെതിരെ തത്സമയ ടെലിവിഷൻ സംപ്രേഷണത്തിനിടെ മോശം പരാമർശങ്ങൾ നടത്തിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ മീഡിയ ക്രെഡൻഷ്യലുകൾ ഫിഫ റദ്ദാക്കി. എ.ബി.സി കാർഡിനൽ, എ.ബി.സി ടി.വി എന്നീ മാധ്യമങ്ങൾക്ക് വേണ്ടിയാണ് അദ്ദേഹം ലോകകപ്പ് കവർ ചെയ്യാനെത്തിയിരുന്നത്.

തുർക്കിയുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പരാഗ്വേ താരം മിഗുവൽ അൽമിറോണിനെ റഫറി ഇവാൻ ബാർട്ടൻ ചുവപ്പ് കാർഡ് കാണിച്ച് പുറത്താക്കിയതാണ് സംഭവങ്ങളുടെ തുടക്കം. കളിയിലെ തർക്കങ്ങൾക്കിടയിൽ വംശീയമായോ അല്ലാതെയോ ഉള്ള അധിക്ഷേപങ്ങൾ മറച്ചുവെക്കാൻ കൈകൊണ്ട് വായപൊത്തി സംസാരിക്കാൻ പാടില്ലെന്ന ഫിഫയുടെ പുതിയ കർശന നിയമം ലംഘിച്ചതിനാണ് അൽമിറോണിന് ചുവപ്പ് കാർഡ് ലഭിച്ചത്. ഈ ലോകകപ്പ് ടൂർണമെന്റിൽ ഈ നിയമപ്രകാരം പുറത്താക്കപ്പെടുന്ന ആദ്യ താരമാണ് അദ്ദേഹം.

തന്റെ രാജ്യത്തിന്റെ താരം പുറത്തായതോടെ തത്സമയ കമന്ററിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ജോർജ് ചിപ്പി വേര, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെയും റഫറിയെയും ‘കള്ളന്മാർ’ എന്ന് വിളിക്കുകയും അവർ ഫുട്‌ബോളിനെ കൊല്ലുകയാണെന്ന് ആരോപിക്കുകയുമായിരുന്നു. സംഭവം വിവാദമായതോടെ കമന്റേറ്റർ പരസ്യമായി ഖേദപ്രകടനം നടത്തുകയും ഫിഫയ്ക്ക് മാപ്പപേക്ഷ നൽകുകയും ചെയ്തെങ്കിലും ഫിഫ കടുത്ത നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. വിലക്ക് വന്നതോടെ സ്റ്റേഡിയത്തിന് അകത്തോ പുറത്തോ ലോകകപ്പുമായി ബന്ധപ്പെട്ട ഒരുതരത്തിലുള്ള കവറേജും നടത്താൻ അദ്ദേഹത്തിന് അനുമതിയുണ്ടാകില്ല.