സ്വകാര്യ നിക്ഷേപ വിവാദം: ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോയ്ക്ക് പിന്തുണ പിൻവലിച്ച് ഇംഗ്ലണ്ടും
ഫിഫയിലേക്ക് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് പിന്നാലെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ കൂടുതൽ പ്രതിസന്ധിയിലേക്ക്. 2027-2031 കാലാവധിയിലേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇൻഫാന്റിനോയ്ക്ക് നൽകിയിരുന്ന പിന്തുണ ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ പിൻവലിച്ചു. വെയിൽസ് ഫുട്‌ബോൾ അസോസിയേഷൻ പിന്തുണ പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് ഇംഗ്ലണ്ടും ഈ നിലപാടിലേക്ക് എത്തിയത്.
ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളുടെ വാണിജ്യ അവകാശം 'ഫിഫ ഫോർവേഡ് എന്റർപ്രൈസസ്' എന്ന ഉപകമ്പനിക്ക് നൽകി നിക്ഷേപം സ്വീകരിക്കാനായിരുന്നു ഇൻഫാന്റിനോ ലക്ഷ്യമിട്ടത്. എന്നാൽ യുവേഫ അടക്കമുള്ള കോൺഫെഡറേഷനുകൾ കടുത്ത എതിർപ്പ് ഉയർത്തിയതോടെ പദ്ധതി ഉപേക്ഷിച്ചെങ്കിലും ഫിഫ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി സംഘടനകൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ പിന്തുണ പിൻവലിക്കുന്നത് അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ ഇൻഫാന്റിനോയ്ക്ക് വൻ തിരിച്ചടിയാകും.