ലോകകപ്പ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി ഫിഫ

 

 

ലോകകപ്പിന്‍റെ വാണിജ്യ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള വിവാദ പദ്ധതിയിൽ നിന്ന് ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ പൂർണമായി പിന്മാറി. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെയും കോണ്‍കാകാഫിന്‍റെയും ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്‍റെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ നിർദ്ദേശം ഉപേക്ഷിച്ചത്. പുരുഷ-വനിതാ ലോകകപ്പുകൾ ഉൾപ്പെടെയുള്ള ഫിഫയുടെ പ്രധാന ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്ന പുതിയ കമ്പനിയുടെ 20 ശതമാനം ഓഹരികൾ വിറ്റ് 4.2 ബില്യൺ ഡോളർ (ഏകദേശം 35,000 കോടിയിലധികം രൂപ) സമാഹരിക്കാനായിരുന്നു ഫിഫ പദ്ധതിയിട്ടിരുന്നത്.

വിവാദ നിര്‍ദേശത്തിന് പിന്നാലെ ഫിഫയ്ക്കുള്ളിലും വൻ അസ്വാരസ്യങ്ങളാണ് ഉടലെടുത്തത്. ഇൻഫാന്‍റിനോയുടെ മുതിർന്ന ഉപദേശകൻ കാർലോസ് കോർഡീറോ പദ്ധതിയെ ഫുട്ബോളിന് ദോഷകരമായ കരാർ എന്ന് വിശേഷിപ്പിച്ച് അടിയന്തരമായി രാജിവെച്ചിരുന്നു. ഇൻഫാന്‍റിനോ ജീവനക്കാരെ വഞ്ചിച്ചെന്നും ഇത് ഒരാളുടെ മാത്രം താൽപര്യപ്രകാരമുള്ള പദ്ധതിയാണെന്നും ഫിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെവിൻ ലാമൂറും കുറ്റപ്പെടുത്തി. ഇൻഫാന്‍റിനോ ഫിഫയെ നയിക്കാൻ യോഗ്യനല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർൺഹാമും പ്രതികരിച്ചു. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മരുമകനായ ജാറെഡ് കുഷ്‌നറുടെ സഹോദരൻ ജോഷ്വ കുഷ്‌നറുടെ നേതൃത്വത്തിലുള്ള 'ത്രൈവ് എറ്റേണൽ' എന്ന ഫണ്ടിംഗ് ഏജന്‍സിയായിരുന്നു ഈ നിക്ഷേപത്തിന് മുന്നിൽ നിന്നത് എന്നതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നു.