ഫിഫ ലോകകപ്പ്; സ്വിറ്റ്സർലൻഡിനെതിരെയുള്ള ആദ്യ അങ്കത്തിനൊരുങ്ങി ഖത്തർ

 

ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന 2026 ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിനായി ഖത്തർ പൂർണ്ണ സജ്ജമായി. മൂന്ന് രാജ്യങ്ങളിലായി അരങ്ങേറുന്ന ലോകകപ്പിൽ ശക്തരായ എതിരാളികൾക്കെതിരെ മികച്ച പ്രകടനത്തോടെ വിജയത്തുടക്കമാണ് ഖത്തർ ലക്ഷ്യമിടുന്നത്. ആകെ 104 മത്സരങ്ങളുള്ള ടൂർണമെന്റിൽ ഖത്തറിന്റെ കരിയറിലെ രണ്ടാമത്തെ ലോകകപ്പാണിത്.

ഗ്രൂപ്പ് ബിയിലാണ് ഖത്തർ മത്സരിക്കുന്നത്. സ്വിറ്റ്സർലൻഡ്, കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവരാണ് ഗ്രൂപ്പിൽ ഖത്തറിന്റെ മറ്റ് എതിരാളികൾ. ജൂൺ 13-ന് കരുത്തരായ സ്വിറ്റ്സർലൻഡിന് എതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. സാൻഫ്രാൻസിസ്കോയിലെ ബേ അരീന സ്റ്റേഡിയത്തിൽ ദോഹ സമയം രാത്രി 10 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഖത്തർ ടീമിന് ഗാലറിയിൽ ആവേശം പകരാൻ ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ (QFA) നേതൃത്വത്തിൽ വൻ ആരാധകസംഘം ഇതിനകം തന്നെ അമേരിക്കയിൽ എത്തിക്കഴിഞ്ഞു. ജൂൺ 9 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ മൂന്ന് പ്രത്യേക ചാർട്ടർ വിമാനങ്ങളിലാണ് ദോഹയിൽ നിന്ന് ആരാധകർ യു.എസിലേക്ക് തിരിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും മികച്ച വിജയം നേടി 32 ടീമുകൾ മാറ്റുരയ്ക്കുന്ന രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടുകയാണ് ഖത്തറിന്റെ ലക്ഷ്യം. ആകെ 12 ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരാകുന്ന ടീമുകൾക്ക് നേരിട്ടും, മികച്ച മൂന്നാം സ്ഥാനക്കാരാകുന്ന 8 ടീമുകൾക്കും രണ്ടാം റൗണ്ടിലേക്ക് പ്രവേശനം ലഭിക്കും.

അറബ്, ഏഷ്യൻ രാജ്യങ്ങളുടെ പങ്കാളിത്തം കൊണ്ട് റെക്കോർഡിട്ട ലോകകപ്പാണ് ഇത്തവണത്തേത്. ചരിത്രത്തിലാദ്യമായി എട്ട് അറബ് ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടിയിട്ടുള്ളത്. ഖത്തറിന് പുറമെ സൗദി അറേബ്യ, ജോർഡൻ, ഇറാഖ്, ഈജിപ്ത്, അൾജീരിയ, മൊറോക്കോ, ടുണീഷ്യ എന്നിവരാണ് മറ്റ് അറബ് രാജ്യങ്ങൾ. ഒപ്പം ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്താൻ, ഇറാൻ ഉൾപ്പെടെ ഒമ്പത് ഏഷ്യൻ ടീമുകളും ഇത്തവണ ബൂട്ട് കെട്ടുന്നുണ്ട്.