വിസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തൽ; പാക് താരം ഹംസ നാസറിന് രണ്ട് വർഷത്തെ വിലക്ക്

 

ഓൾറൗണ്ടർ ഹംസ നാസറിനെ ക്രിക്കറ്റിൽ നിന്ന് വിലക്കി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. വിസ അപേക്ഷയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രണ്ട് വർഷത്തെ വിലക്കിന് പുറമെ ഒരു ദശലക്ഷം പാകിസ്ഥാൻ രൂപ പിഴയും താരത്തിന് ചുമത്തി.

പാകിസ്ഥാൻ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഹംസ നാസർ. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിക്കപ്പെടുമെന്ന സൂചനകൾക്കിടെയാണ് വിസയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉയർന്നത്.

വിസ നടപടികൾ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ ആവശ്യമായ രേഖകൾ സമർപ്പിച്ചില്ലെന്നും നൽകിയ വിവരങ്ങളിൽ പലതും അപൂർണമാണെന്നും കണ്ടെത്തി. വിഷയം അന്വേഷിക്കാൻ പിസിബി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.

തന്റെ ഭാഗം വിശദീകരിക്കാൻ ഹംസ നാസറിന് അവസരം നൽകിയ ശേഷമാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പിസിബി വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചത്.രണ്ട് വർഷം താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിലോ ആഭ്യന്തര ക്രിക്കറ്റിലോ കളിക്കാനാകില്ല.