വിരമിക്കല്‍ പ്രഖ്യാപിച്ച് ജമ്മു കശ്മീരില്‍ നിന്നുള്ള ആദ്യ ഇന്ത്യൻ താരം
മുന്‍ ഇന്ത്യൻ താരവും ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളുമായിരുന്ന പര്‍വേസ് റസൂല്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യക്കായി കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരമായിരുന്നു 36കാരനായ പര്‍വേസ് റസൂല്‍. 2014 ജൂണ്‍ 15നാണ് പര്‍വേസ് റസൂൽ ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറി ജമ്മു കശ്മീരില്‍ നിന്ന് ഇന്ത്യൻ ടീമിലെത്തുന്ന ആദ്യ താരമായത്. 2017 ജനുവരി 26ന് ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിലും റസൂല്‍ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. കരിയറിലാകെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് റസൂല്‍ ഇന്ത്യൻ കുപ്പായമണിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റിലും അവസരം ഇല്ലാതാതയോടെയാണ് സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണെന്ന തീരുമാനം റസൂല്‍ ബിസിസിഐയെ അറയിക്കുകയായിരുന്നു.
ഇന്ത്യൻ ടീമിന് പുറമെ ജമ്മു കശ്മീരില്‍ നിന്ന് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും റസൂലിന്‍റെ പേരിലാണ്. 17 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 352 വിക്കറ്റുകളും 5648 റണ്‍സും റസൂല്‍ നേടിയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരത പുലര്‍ത്തുന്ന താരമായിട്ടും റസൂലിന് രാജ്യാന്തര കരിയറില്‍ കാര്യമായി അവസരം ലഭിച്ചില്ല. 2013-2014 സീസണിലും 2017-18 രഞ്ജി സീസണിലെയും മികച്ച ഓൾ റൗണ്ടര്‍ക്കുള്ള ലാലാ അമര്‍നാഥ് ട്രോഫി നേടിയത് റസൂലായിരുന്നു.
2012-13 രഞ്ജി സീസണില്‍ 594 റണ്‍സും 33 വിക്കറ്റുമായി തിളങ്ങിയ റസൂലിന്‍റെ പ്രകടനം ദേശിയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതോടെയാണ് റസൂലിനെ സെലക്ടര്‍മാര്‍ ഏകദിന ടീമിലെടുത്തത്. പിന്നാലെ ഐപിഎല്ലില്‍ സൗരവ് ഗാംഗുലി നായകനായ പൂനെ വാരിയേഴ്സ് ടീമിലും റസൂല്‍ ഇടം നേടി. എന്നാല്‍ സമീപകാലത്ത് റസൂലും ജമ്മു കശ്മീര്‍ ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള ഭിന്നതകാരണം താരത്തെ ജമ്മു കശ്മീര്‍ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് വിട്ട് ശ്രീലങ്കയില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളി തുടര്‍ന്ന റസൂല്‍ ജൂനിയര്‍ താരങ്ങളുടെ പരിശീലകനായും തിളങ്ങി. അടുത്തിടെ ബിസിസിഐ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ നിന്ന് ലെവല്‍-2 കോച്ചിംഗ് സര്‍ട്ടിഫിക്കറ്റും റസൂല്‍ നേടിയിരുന്നു.