മുൻ കേരള ഫുട്ബോൾ താരം പി പൗലോസ് അന്തരിച്ചു
മുൻ കേരള ഫുട്ബോൾ താരം പി പൗലോസ് അന്തരിച്ചു. 76 വയസ്സായിരുന്നു. 1973 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗമാണ്. നിലവിൽ കേരള ഫുട്ബോൾ അസ്സോസിയേഷൻ്റെ വൈസ് പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
1973 ഡിസംബർ 27-ന് എറണാകുളം മഹാരാജാസ് കോളജ് മൈതാനത്തായിരുന്നു കേരളത്തിന്റെ കന്നി സന്തോഷ് ട്രോഫി കിരീടനേട്ടം. പ്രതിരോധ നിര താരമായ പൗലോസ് എട്ടുവർഷത്തോളം കേരളത്തിനായി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടി. 1979ൽ ടീമിൻ്റെ ക്യാപ്റ്റനുമായിരുന്നു.
1993 ൽ പി പൗലോസ് സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ടീമിൻ്റെ അസിസ്റ്റൻ്റ് മാനേജരായിരുന്നു. 12 വർഷം എറണാകുളം ജില്ല ഫുട്ബോൾ അസ്സോസിയേഷൻ്റെ സെക്രട്ടറിയായിരുന്ന പൗലോസ്, 38 വർഷക്കാലം അസ്സോസിയേഷൻ പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു.
ആലുവ സെൻ്റ് മേരീസ് ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഫുട്ബോളിലേക്ക് പ്രവേശിക്കുന്നത്. ജൂനിയർ ഫുട്ബാൾ സംസ്ഥാന ടീമിലും പൗലോസ് അംഗമായിരുന്നു. 1971-72ൽ ദേശീയ ചാംപ്യന്മാരായ കോഴിക്കോട് സർവ്വകലാശാല ടീമിൽ പൗലോസും അംഗമായിരുന്നു. പ്രീമിയർ ടയേഴ്സ് ഫുട്ബോൾ ടീമിൽ അംഗമായിരുന്നു.