ടി20 ഫോര്‍മാറ്റില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് മുന്‍ പാക് നായകന്‍

 

783 ദിവസത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഒരു സെഞ്ച്വറി നേടി! മൂന്ന് ഫോര്‍മാറ്റിലും റണ്‍സ് കണ്ടെത്താന്‍ പാടുപെടുകയായിരുന്നു ബാബര്‍. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സിനെതിരായ മത്സരത്തിലാണ് പെഷവാര്‍ സാല്‍മി നായകനായ ബാബര്‍ ശതകം കുറിച്ചത്. ഒപ്പം ടി20യിലെ ഒരു ശ്രദ്ധേയ നാഴികക്കല്ലും താരം താണ്ടി. നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയേയും യൂനിവേഴ്‌സ് ബോസ് ക്രിസ് ഗെയ്‌ലിനേയു പിന്തള്ളാനും ബാബറിനു സാധിച്ചു.

52 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്‌സും സഹിതം ബാബര്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മത്സരത്തില്‍ പെഷവാര്‍ 255 റണ്‍സെന്ന കൂറ്റന്‍ സ്‌കോറും ഉയര്‍ത്തി. പിഎസ്എല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടീം ടോട്ടലാണിത്. മത്സരത്തില്‍ പെഷവാര്‍ സാല്‍മി 118 റണ്‍സിന്റെ കൂറ്റന്‍ ജയവും സ്വന്തമാക്കി. ക്വെറ്റയുടെ പോരാട്ടം വെറും 137 റണ്‍സില്‍ അവസാനിപ്പിച്ചാണ് പെഷവാര്‍ മിന്നും ജയം പിടിച്ചത്.