പങ്കിട്ട പുഞ്ചിരികളിൽ നിന്ന് സ്വപ്നങ്ങളിലേക്ക്; വിവാഹിതനാകാനൊരുങ്ങി ശിഖർ ധവാൻ
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ വിവാഹിതനാകുന്നു. കാമുകി സോഫി ഷൈനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. "പങ്കിട്ട പുഞ്ചിരികളിൽ നിന്ന് പങ്കിട്ട സ്വപ്നങ്ങളിലേക്ക്. എക്കാലവും ഒരുമിച്ച് ജീവിക്കാൻ ഞങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ഞങ്ങളുടെ വിവാഹനിശ്ചയത്തിന് നൽകിയ സ്നേഹത്തിനും അനുഗ്രഹങ്ങൾക്കും നന്ദി" എന്ന് ധവാൻ കുറിച്ചു. വിവാഹ നിശ്ചയ മോതിരങ്ങൾ അണിഞ്ഞ കൈകളുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ഫെബ്രുവരി മൂന്നാം വാരം വിവാഹം നടക്കുമെന്നാണ് സൂചനകൾ. ബോളിവുഡ് പ്രമുഖരടക്കം പങ്കെടുക്കുന്ന ആഡംബര വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായാണ് വിവരം. അയർലൻഡ് സ്വദേശിയായ സോഫി ഷൈനുമായി കഴിഞ്ഞ വർഷം മുതലാണ് ധവാൻ പ്രണയത്തിലായത്. ദുബായിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് പരിചയപ്പെട്ട ഇരുവരും പിന്നീട് ഐസിസി ചാമ്പ്യൻസ് ട്രോഫി, ഐപിഎൽ മത്സരങ്ങൾ കാണാൻ ഒരുമിച്ച് എത്തിയിരുന്നു.
അബുദാബി ആസ്ഥാനമായുള്ള നോർത്തേൺ ട്രസ്റ്റ് കോർപ്പറേഷനിൽ സെക്കൻഡ് വൈസ് പ്രസിഡന്റാണ് സോഫി ഷൈൻ. ലിമെറിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദം നേടിയ ഇവർ ശിഖർ ധവാൻ ഫൗണ്ടേഷന്റെ മേധാവി കൂടിയാണ്. 2023-ലാണ് ധവാൻ ആദ്യ ഭാര്യ അയേഷ മുഖർജിയിൽ നിന്ന് വിവാഹമോചനം നേടിയത്. 2012-ലായിരുന്നു ഇവരുടെ വിവാഹം. 2024-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധവാന്റെ മകൻ സോറാവർ നിലവിൽ ഓസ്‌ട്രേലിയയിൽ അയേഷയ്ക്കൊപ്പമാണ് താമസം.