ഗെയ്‌ലിന്റെ സിക്സർ റെക്കോഡ് തകർത്തു; വെടിക്കെട്ട് പ്രകടനവുമായി വൈഭവ് സൂര്യവംശി
ഐപിഎല്ലിലെ അതിവേഗ സെഞ്ച്വറി കൈയെത്തും ദൂരത്ത് നഷ്ടമായെങ്കിലും സിക്സറുകളുടെ എണ്ണത്തിൽ പുതിയ ചരിത്രമെഴുതി കൗമാര വിസ്മയം വൈഭവ് സൂര്യവംശി. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന സർവ്വകാല റെക്കോഡാണ് വെറും പതിനഞ്ചുകാരനായ വൈഭവ് സ്വന്തമാക്കിയത്. യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്‌ലിന്റെ 14 വർഷം പഴക്കമുള്ള റെക്കോഡാണ് ഈ വെടിക്കെട്ട് പ്രകടനത്തിലൂടെ തകർന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ നിർണ്ണായക എലിമിനേറ്റര്‍ മത്സരത്തിലാണ് വൈഭവ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന ക്രിസ് ഗെയ്‌ലിന്റെ (30 പന്ത്) റെക്കോഡ് വൈഭവ് മറികടക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചെങ്കിലും, 29-ാമത്തെ പന്തിൽ 97 റണ്‍സെടുത്തു നിൽക്കെ താരം പുറത്താവുകയായിരുന്നു. ചരിത്രനേട്ടത്തിനരികെ വെച്ച് സെഞ്ച്വറി നഷ്ടമായതിന്റെ കടുത്ത നിരാശയോടെയാണ് താരം കളിക്കളം വിട്ടത്. എന്നാൽ അപ്പോഴേക്കും സിക്സറുകളുടെ എണ്ണത്തിൽ താരം ഗെയ്‌ലിനെ പിന്നിലാക്കിയിരുന്നു.
ഹൈദരാബാദിനെതിരായ മത്സരത്തിന് മുന്‍പ് 53 സിക്സറുകളായിരുന്നു വൈഭവിന്റെ സമ്പാദ്യം. മത്സരത്തിൽ പന്ത്രണ്ട് സിക്സറുകൾ കൂടി അടിച്ചുകൂട്ടിയതോടെ ഈ സീസണിലെ താരത്തിന്റെ ആകെ സിക്സറുകളുടെ എണ്ണം 65 ആയി ഉയർന്നു. 2012-ലെ ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 59 സിക്സറുകൾ അടിച്ചുകൂട്ടിയ ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 2019-ൽ 52 സിക്സറുകൾ നേടിയ മുൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ആന്ദ്രെ റസലാണ് ഈ പട്ടികയിൽ മൂന്നാമതുള്ളത്.
നേരത്തെ, ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും വൈഭവ് സ്വന്തം പേരിൽ കുറിച്ചിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തോടെ ഒരു ഐപിഎല്‍ സീസണില്‍ അമ്പതിലധികം സിക്സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഈ പതിനഞ്ചുകാരൻ സ്വന്തമാക്കിയിരുന്നു. അതിവേഗ ബാറ്റിങ് ശൈലി കൊണ്ട് ഇതിനോടകം തന്നെ 'യൂണിവേഴ്‌സ് ബേബി ബോസ്' എന്ന വിളിപ്പേരും ക്രിക്കറ്റ് ലോകത്ത് താരം നേടിയെടുത്തു കഴിഞ്ഞു.