‘കപ്പെടുത്ത് അർജന്റീനയ്ക്ക് കൊടുത്തോളൂ, ടൂർണമെന്റ് നേരത്തെ നിശ്ചയിച്ചുറപ്പിച്ചത്’; ഫിഫയ്ക്കും റഫറിക്കുമെതിരെ പരിഹാസവുമായി മുസ്തഫ സിക്കോ
ലോകകപ്പ് പ്രീ ക്വാർട്ടറിൽ അർജന്റീനയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ഫിഫയ്ക്കും റഫറിയിങ്ങിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് താരം മുസ്തഫ സിക്കോ രംഗത്ത്. ഈ ടൂർണമെന്റ് നേരത്തെ തന്നെ നിശ്ചയിച്ചുറപ്പിച്ചതാണെന്നും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയെ ഇപ്പോൾതന്നെ അഭിനന്ദിക്കുന്നുവെന്നും സിക്കോ പരിഹാസത്തോടെ പറഞ്ഞു.
മത്സരത്തിൽ റഫറി ഒട്ടും നീതി പുലർത്തിയില്ലെന്നും ഇത് ഫുട്‌ബോളിന് ഒട്ടും നല്ല പ്രവണതയല്ലെന്നും താരം തുറന്നടിച്ചു. തങ്ങൾ കഠിനധ്വാനം ചെയ്താണ് കളിച്ചതെന്നും എന്നാൽ റഫറിയുടെ തെറ്റായ ഒരു തീരുമാനം തങ്ങളുടെ എല്ലാ ശ്രമങ്ങളെയും ഇല്ലാതാക്കിയെന്നും സിക്കോ ആരോപിച്ചു. ഈ ടൂർണമെന്റ് ചില വമ്പൻ ടീമുകൾക്ക് വേണ്ടി നേരത്തെ തന്നെ എഴുതിത്തയ്യാറാക്കിയതാണ്. ഈജിപ്തിനെപ്പോലൊരു ടീം അർജന്റീനയ്‌ക്കെതിരെ 2-0ത്തിന് ജയിച്ചു കയറുന്നത് കാണാൻ അവർക്ക് താല്പര്യമില്ലായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. അട്ടിമറി വിജയം പ്രതീക്ഷിച്ചിരുന്ന ആരാധകരെ നിരാശരാക്കിയതിൽ ക്ഷമ ചോദിച്ച താരം, കാര്യങ്ങൾ തങ്ങളുടെ കൈകളിലല്ലായിരുന്നുവെന്നും വ്യക്തമാക്കി. "എന്തായാലും ലോകകപ്പ് നേടാൻ പോകുന്ന അർജന്റീനയ്ക്ക് ഇപ്പോൾതന്നെ അഭിനന്ദനങ്ങൾ. അവർക്ക് കപ്പ് കൊടുത്തേക്കൂ, ഞങ്ങൾക്ക് ഇനിയൊന്നും പറയാനില്ല," സിക്കോ ആഞ്ഞടിച്ചു.
മത്സരത്തിൽ 1-0ത്തിന് ഈജിപ്ത് മുന്നിട്ടുനിൽക്കെയാണ് നാടകീയ രംഗങ്ങളുണ്ടായത്. സിക്കോ ഈജിപ്തിന്റെ ലീഡ് രണ്ടാക്കി ഉയർത്തിയെങ്കിലും റഫറി വാർ (VAR) പരിശോധനയ്ക്ക് ശേഷം ഗോൾ നിഷേധിക്കുകയായിരുന്നു. ആ ഗോളിലേക്കുള്ള നീക്കത്തിന്റെ തുടക്കത്തിൽ ഈജിപ്ത് താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഫൗൾ ചൂണ്ടിക്കാണിച്ചാണ് റഫറി ഗോൾ റദ്ദാക്കിയത്. ഇത് മത്സരത്തിന്റെ ഗതി തന്നെ മാറ്റാൻ കാരണമായി.