ഗൾഫ് കപ്പ് ഫുട്ബോൾ: ഒമാൻ പുറത്ത്; കലാശപ്പോരാട്ടത്തിൽ സൗദി അറേബ്യയും യു.എ.ഇയും ഏറ്റുമുട്ടും

 

27-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഒമാന് വീരോചിത മടക്കം. ജിദ്ദയിൽ നടന്ന ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് യു.എ.ഇ ഒമാനെ കീഴടക്കിയത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ഉസ്മാൻ കമാറ നേടിയ മനോഹരമായ ഹെഡ്ഡർ ഗോളാണ് യു.എ.ഇയുടെ വിജയവും ഫൈനൽ പ്രവേശവും ഉറപ്പിച്ചത്. ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഖത്തറിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയെത്തിയ ആതിഥേയരായ സൗദി അറേബ്യയെയാണ് യു.എ.ഇ നേരിടുക.

മത്സരത്തിൽ തിരിച്ചെത്താൻ ഒമാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും യു.എ.ഇ പ്രതിരോധനിരയും ഗോൾകീപ്പർ ഖാലിദ് ഈസയും ഉറച്ചുനിന്നു. ഒമാൻ ഗോൾകീപ്പർ ഇബ്രാഹിം അൽ മുഖൈനി യു.എ.ഇയുടെ ഒരു പെനാൽറ്റി തടുത്തിട്ട് ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. ശക്തരായ ഇറാഖ്, കുവൈത്ത്, സൗദി എന്നിവരടങ്ങിയ ഗ്രൂപ്പിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ഒമാൻ സെമി ഫൈനൽ യോഗ്യത നേടിയിരുന്നത്.