ജി.വി. രാജ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; എൽദോസ് പോളും ട്രീസ ജോളിയും മികച്ച താരങ്ങൾ
കേരളത്തിന്റെ കായിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രതിഭകൾക്കുള്ള ഈ വർഷത്തെ ജി.വി. രാജ കായിക പുരസ്‌കാരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ ഒളിമ്പ്യനും ട്രിപ്പിൾ ജംപ് താരവുമായ എൽദോസ് പോളും വനിതാ വിഭാഗത്തിൽ പ്രശസ്ത ബാഡ്മിന്റൺ താരം ട്രീസ ജോളി എന്നിവർ മികച്ച കായികതാരങ്ങൾക്കുള്ള പുരസ്‌കാരത്തിന് അർഹരായി.
കായിക രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി ഡോ. പി.ടി. ജോസഫിന് ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡും, മികച്ച കായിക പരിശീലകനുള്ള പുരസ്‌കാരത്തിന് അനൂപ് ജോസഫും അർഹരായി. കോളജ് വിഭാഗത്തിലെ മികച്ച കായിക അധ്യാപകനായി ഡോ. സദാനന്ദൻ സി.എസിനെയും മികച്ച കോളേജായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിനെയും തിരഞ്ഞെടുത്തു. സ്പോർട്സ് ഹോസ്റ്റൽ വിഭാഗത്തിൽ എഡ്വിൻ പോൾ സിബി (പുരുഷൻ), അനാമിക പി. (വനിത) എന്നിവരും പുരസ്‌കാരങ്ങൾ കരസ്ഥമാക്കി.