ഹാളണ്ടിന് 300 ഗോൾ; കവെൻട്രി സിറ്റിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പ് തുടരുന്നു
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. ഫ്രാങ്ക് ലംപാർഡ് പരിശീലിപ്പിക്കുന്ന കവെൻട്രി സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സിറ്റി തോൽപ്പിച്ചത്. സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാളണ്ടാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്.
കളിയുടെ 26-ാം മിനിറ്റിൽ അന്റോയിൻ സെമന്യോ നൽകിയ ക്രോസിൽ നിന്ന് മികച്ചൊരു ഹെഡ്ഡറിലൂടെയായിരുന്നു ഹാളണ്ടിന്റെ ഗോൾ. സിറ്റി ജേഴ്സിയിൽ താരം നേടുന്ന 20-ാം ഹെഡ്ഡർ ഗോളാണിത്. പ്രൊഫഷണൽ കരിയറിൽ ക്ലബ്ബിനും രാജ്യത്തിനുമായി ഹാളണ്ട് നേടുന്ന 300-ാം ഗോൾ എന്ന അപൂർവ്വ നേട്ടവും ഈ ഗോളോടെ താരം സ്വന്തമാക്കി. 368 മത്സരങ്ങളിൽ നിന്നാണ് ഹാളണ്ട് 300 ഗോളുകൾ തികച്ചത്.
ലീഗിലെ മറ്റ് മത്സരങ്ങളിൽ ന്യൂകാസിൽ യുണൈറ്റഡ് - ബേൺമത്ത് (2-2), ബ്രെന്റ്ഫോർഡ് - സണ്ടർലാൻഡ് (1-1), നോട്ടിങ്ഹാം ഫോറസ്റ്റ് - ടോട്ടനം (0-0), ബ്രൈറ്റൺ - ലീഡ്സ് (1-1), ഹൾ സിറ്റി - ആസ്റ്റൻ വില്ല (0-0) മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. അതേസമയം, ക്രിസ്റ്റൽ പാലസ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഫുൾഹാമിനെ പരാജയപ്പെടുത്തി.