ഹർപ്രീത് സിങ്ങിന് സെഞ്ച്വറി; ഇന്ത്യ എയ്‌ക്കെതിരെ 249 റണ്‍സ് നേടി യുഎഇ

 

റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പ് പോരാട്ടത്തിൽ ഇന്ത്യ എയ്‌ക്കെതിരെ യുഎഇയ്ക്ക് ഭേദപ്പെട്ട സ്‌കോർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ യുഎഇ 249 റൺസ് നേടി. സെഞ്ച്വറിയുമായി തിളങ്ങിയ ഹർപ്രീത് സിങ്ങാണ് യുഎഇയുടെ ടോപ് സ്‌കോറർ. 144 പന്തിൽ 12 ഫോറും നാല് സിക്‌സുമടക്കം 130 റൺസാണ് താരം നേടിയത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത യുഎഇയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. രണ്ട് റൺസെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. ആയന്‍ഷ് ശര്‍മയാണ് പുറത്തായത്. ഹര്‍ഷിത് റാണയുടെ പന്തില്‍ ക്യാച്ച് നല്‍കിയായിരുന്നു മടക്കം. 20 റൺസിനിടെ ആൻഷ് ടണ്ടണും മടങ്ങിയതോടെ യുഎഇ സമ്മർദത്തിലായി. തുടർന്ന് ഹർപ്രീത് സിങ്ങും മുഹമ്മദ് ഷഹാദും ചേർന്നാണ് ഇന്നിങ്‌സ് കരകയറ്റിയത്. ഇരുവരും ചേർന്ന് സ്‌കോർ 91ൽ എത്തിച്ചെങ്കിലും 28 റണ്‍സെടുത്ത മുഹമ്മദ് ഷഹാദിനെ പുറത്താക്കി അര്‍ഷദ് ഖാന്‍ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരറ്റത്ത് ഉറച്ചുനിന്ന ഹർപ്രീത് സിങ്ങിന്റെ ഇന്നിങ്‌സാണ് യുഎഇയ്ക്ക് കരുത്തായത്. 220 റൺസിലെത്തിയപ്പോൾ അർഷദ് ഖാന്റെ പന്തിൽ ഹർപ്രീത് പുറത്തായി. ബേസിൽ അഹമ്മദിന്റെ 36 റൺസും വാലറ്റത്തിന്റെ ചെറുത്തുനിൽപ്പും കൂടി ചേർന്നതോടെ യുഎഇ സ്‌കോർ 249ലെത്തി.

ഇന്ത്യ എയ്ക്കായി അർഷദ് ഖാൻ നാല് വിക്കറ്റുകൾ വീഴ്ത്തി. ഹർഷിത് റാണ, സൂര്യാൻഷ് ഷെഡ്‌ഗെ, ഹർഷ് ദുബെ, ഷഹ്ബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.