പരിക്ക് മാറി ഹർഷിത് റാണ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി; അഫ്ഗാനിസ്ഥാനെതിരായ അവസാന ഏകദിനത്തിൽ കളിച്ചേക്കും

 

പരിക്കിന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം യുവ പേസർ ഹർഷിത് റാണ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചെത്തി. ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (NCA) നടന്ന ഫിറ്റ്നസ് പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയതിന് പിന്നാലെയാണ് താരത്തെ ഇന്ത്യയുടെ ഏകദിന ടീമിൽ ഉൾപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് മുന്നോടിയായാണ് ഈ മാറ്റം. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന പോരാട്ടം നടക്കുക.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വാം അപ്പ് മത്സരത്തിനിടെയേറ്റ കാൽമുട്ടിലെ പരിക്ക് കാരണം ഹർഷിത് റാണയ്ക്ക് 2026-ലെ ടി20 ലോകകപ്പും പിന്നാലെ നടന്ന ഐ.പി.എൽ സീസണും പൂർണ്ണമായി നഷ്ടമായിരുന്നു. നീണ്ട നാളത്തെ പുനരധിവാസത്തിന് ശേഷമാണ് താരം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ഈ മാസം അവസാനം നടക്കാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിലും റാണ ഇടംപിടിച്ചിട്ടുണ്ട്.

ഭാവിയിൽ ഹർദിക് പാണ്ഡ്യയ്ക്ക് മികച്ചൊരു പകരക്കാരനാകാൻ ശേഷിയുള്ള പേസ് ബൗളിങ് ഓൾറൗണ്ടറായാണ് ടീം മാനേജ്മെന്റ് ഹർഷിത് റാണയെ വിലയിരുത്തുന്നത്. യുവതാരം നിതീഷ് കുമാർ റെഡ്ഡിക്കൊപ്പം റാണയെയും ഭാവി വാഗ്ദാനമായി കണ്ട് വളർത്തിയെടുക്കാനാണ് സെലക്ടർമാരുടെ തീരുമാനം.

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് കളികളും ജയിച്ച് ഇന്ത്യ 2-0 ന് ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന തിരക്കേറിയ മത്സരക്രമങ്ങളും ഏഷ്യൻ ഗെയിംസും മുന്നിൽക്കണ്ട്, ശനിയാഴ്ച നടക്കുന്ന അവസാന ഏകദിനത്തിൽ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഹർഷിത് റാണ ഉൾപ്പെടെയുള്ള യുവതാരങ്ങൾക്ക് ഇന്ത്യ കളത്തിലിറങ്ങാൻ അവസരം നൽകിയേക്കും.

ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർനൂർ ബ്രാർ, ഹർഷ് ദുബെ, യശസ്വി ജയ്‌സ്വാൾ, ഹർഷിത് റാണ.